
തൃശൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. കൊല്ലം ഏഴുകോൺ പ്രേംവിലാസം വീട്ടിൽ റെനിയെ (27) ആണ് അരണാട്ടുകര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിന് അരണാട്ടുകര പള്ളിയിലെ കാണിക്ക വഞ്ചിയും ഓഫീസും കുത്തിത്തുറന്ന് 7000 രൂപയും സക്രാരി കുത്തിതുറന്ന് കുരിശും മോഷണം ചെയ്തത് ഇയാളാണ്. തളിപ്പറമ്പ് സ്റ്റേഷനിലെ മാലമോഷണ കേസിൽ ജയിലിൽ പോയി ജനുവരി മാസത്തിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം മോഷണ ശേഷം മോഷണ പരമ്പര നടത്തി വരികയായിരുന്നു. താനൂർ, തിരൂർ, കുറ്റിപ്പുറം, കൊടുവള്ളി, കോഴിക്കോട്, തൃശൂർ തുടങ്ങി 25 ഓളം സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്നും വ്യക്തമായി. വിഗ്രത്തിൽ നിന്നും മോഷ്ടിച്ച സ്വർണം വിറ്റ് പ്രതി 45, 000 രൂപ വില വരുന്ന മൊബൈൽ, വസ്ത്രങ്ങൾ, വാച്ച് എന്നിവ വാങ്ങുകയും മദ്യപാനവും മറ്റും നടത്താനാണ് പ്രതി പണം ചെലവഴിച്ചിരുന്നത്. പ്രതിയെ പിടികൂടിയ സമയം പ്രതിയിൽ നിന്നും മോഷ്ടിച്ച് ലഭിച്ച 18,000 രൂപയും കണ്ടെടുത്തു. പ്രതിക്ക് കൊല്ലം ജില്ലയിൽ തന്നെ അഞ്ചോളം കേസുകളുണ്ട്. അസി. കമ്മിഷണർ വി.കെ. രാജുവിന്റെ നിർദേശാനുസരണം എസ്.ഐ കെ.സി. ബൈജു, എ.എസ്.ഐ ജോഷി, സി.പി.ഒമാരായ അഭീഷ് ആന്റണി, റിക്സൻ, അനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. കൊടുവള്ളിയിൽ മോഷ്ടിച്ച പണവുമായി ലോഡ്ജിലേക്ക് വരുമ്പോഴായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്.