dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി ഇന്ന് കക്ഷി ചേരൽ അപേക്ഷ നൽകും.

വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാൻ ആണ് തുടരന്വേഷണം നടത്തുന്നതെന്നും ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും നടൻ ആരോപിക്കുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി എൻ സൂരജിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. നടന്റെ സഹോദരൻ ആനൂപിനെ അന്വേഷണ സംഘം അടുത്ത ദിവസം ചോദ്യം ചെയ്യും.