haridas-vijesh

കണ്ണൂർ: സി പി എമ്മിനെതിരെ ബി ജെ പി നേതാവ് പ്രകോപനപരമായി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്ത്. ബി ജെ പി തലശ്ശേരി നഗരസഭാ കൗൺസിലർ വിജേഷ് പ്രതിഷേധ പരിപാടിക്കിടെ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

പുന്നോലിൽ ദിവസങ്ങൾക്ക് മുൻപ് ബി ജെ പി- സി പി എം സംഘർഷമുണ്ടായിരുന്നു. ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. ഇതിനുപിന്നാലെയായിരുന്നു ബി ജെ പി കൗൺസിലറുടെ പ്രകോപനപരമായ പ്രസംഗം.


' ക്ഷേത്രത്തിൽവച്ച് വളരെ ആസൂത്രിതമായി സിപിഎമ്മിന്റെ കൊടുംക്രിമിനലുകളായിട്ടുള്ള രണ്ട് പേർ നേതൃത്വം നൽകിക്കൊണ്ട്, നമ്മുടെ സഹപ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ചു. ഈ സംഭവം വളരെ വൈകാരികമായിട്ടാണ് സംഘ്പരിവാർ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവർത്തകരുടെ മേൽ, അവരുടെ ശരീരത്തിന് മേൽ കൈവച്ചത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോദ്ധ്യം നമുക്കെല്ലാവർക്കുമുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യുന്നതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ, ഇവിടെയുള്ള സിപിഎമ്മിന്റെ നേതാക്കന്മാർക്ക് നന്നായിട്ട് മനസിലാകും.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഈ പ്രദേശത്ത് കൊടുംക്രിമിനലുകളായിട്ടുള്ള രണ്ടുപേരുടെ തോന്നിവാസത്തിന്, നമ്മുടെ നാട് അശാന്തിയിലേക്ക് പോകേണ്ടതില്ലെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ, ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കാനാണ് ഈ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.' എന്നാണ് ബി ജെ പി നേതാവ് വീഡിയോയിൽ പറയുന്നത്.