
ഡിയർ കോമ്രഡ്, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ചിത്രങ്ങൾ സൂപ്പർ ഹിറ്റായതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ അതിനെ കുറിച്ച് രശ്‌മികയോ വിജയ്‌യോ ഇതുവരെയും മനസ് തുറന്നിട്ടില്ല.
ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലാണ് പുതിയ വാർത്തകൾ വരുന്നത്. മുംബയിൽ ഇരുവരും ഡേറ്റിംഗ് നടത്താറുണ്ടെന്നും ഒഴിവ് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്നുണ്ടെന്നുമാണ് സിനിമാമേഖലയിൽ നിന്നും പുറത്തുവരുന്ന വാർത്ത. ഇതിന് പിന്നാലെയാണ് ഈ വർഷം അവസാനം ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തയും പരക്കാൻ തുടങ്ങിയത്. എന്നാൽ, ഇപ്പോഴും രശ്മികയും വിജയ്‌യും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മുംബയിൽ പുരി ജഗന്നാഥിന്റെ ലിഗറിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് വിജയ് ദേവരകൊണ്ട. രശ്മികയും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അടുത്തിടെ മുംബയിൽ അവർ ഒരു അപ്പാർട്ട്‌മെന്റ് വാങ്ങി അവിടേക്ക് താമസം മാറിയിരുന്നു. അതോടെയാണ് ഗോസിപ്പുകൾക്ക് ചൂടുപിടിക്കാൻ തുടങ്ങിയത്. മുംബയിൽ ഉള്ള സമയത്തും ഹൈദരാബാദിൽ ഉള്ള സമയത്തും ഇരുവരും ഒരേ ജിമ്മിലാണ് പോകുന്നത്. ഇത്തവണത്തെ ന്യൂ ഇയർ ആഘോഷം ഇരുവരും ഒന്നിച്ച് ഗോവയിൽ നടത്തിയതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതേസമയം, അടുത്തിടെ ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹകാര്യത്തെ കുറിച്ച് രശ്‌മിക പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഞാൻ ഇപ്പോൾ നന്നേ ചെറുപ്പമാണ്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നമുക്ക് കംഫർട്ടബിൾ ആയൊരാളെയാണ് വിവാഹം കഴിക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം.' എന്തായാലും ഇരുവരും വിവാഹിതരാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.