
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷനെച്ചൊല്ലി ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാവുന്നതിനിടെ, നഗരസഭാ അദ്ധ്യക്ഷന്മാർക്കുകൂടി ഇഷ്ടപ്രകാരം പി.എയെ നിയമിക്കാൻ സർക്കാർ അനുമതി നൽകി. നഗരസഭകൾ ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധിയെ പി.എ ആയി നിയമിക്കാം. കരാർ അടിസ്ഥാനത്തിലോ, ദിവസവേതനാടിസ്ഥാനത്തിലോ ക്ലാർക്കിന് തുല്യമായ രീതിയിലാവും നിയമനം. ഇവർക്ക് പെൻഷൻ ഉൾപ്പെടെയുള്ള സകല ആനുകൂല്യങ്ങളും ലഭ്യമാക്കാൻ ഇടയാക്കുന്ന നിലയിലാണ് ഉത്തരവ്. രാപ്പകൽ പഠിച്ചും പി.എസ്.സി പരീക്ഷ പാസാകാൻ കോച്ചിംഗ് സെന്ററുകളിൽ ഇല്ലാത്ത പണം സമാഹരിച്ച് നൽകി പരിശീലിച്ചും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ സംസ്ഥാനത്ത് ഉണ്ടായിരിക്കെയാണ് ഈ നീക്കം.
ഇതോടെ ,സംസ്ഥാനത്തെ 87 നഗരസഭകളിലെയും അദ്ധ്യക്ഷന്മാർക്ക് ഇഷ്ടമുള്ളവരെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാം. എൽ.ഡി.എഫ്,യു.ഡി.എഫ് എൻ.ഡി.എ മുന്നണികൾക്ക് നിലവിൽ നഗരസഭാ ഭരണമുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അതത് നഗരസഭകളിലെ ഒരു ക്ലർക്കിനെ വീതം അദ്ധ്യക്ഷൻമാരുടെ പി.എമാരാക്കാൻ അനുമതി നൽകി ഉത്തരവായിരുന്നു. എന്നാൽ ക്ലർക്കുമാരുടെ ക്ഷാമം കാരണം ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി നഗരസഭ അദ്ധ്യക്ഷൻമാരുടെ സംഘടനയായ ചേംബർ ഓഫ് മുൻസിപ്പൽ ചെയർമെൻ കഴിഞ്ഞ നവംബറിൽ സർക്കാരിന് കത്ത് നൽകി. കോർപറേഷനുകളിൽ മേയർമാരുടെ പി.എമാരെ സർക്കാർ ജീവനക്കാരിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമിക്കുന്നത്. സമാനമായ രീതിയിൽ നഗരസഭയ്ക്ക് പുറത്തു നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ, കരാർ,ദിവസ വേതനാടിസ്ഥാനത്തിലോ പി.എമാരെ നിയമിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
ഡെപ്യൂട്ടേഷൻ വ്യവസ്ഥയാണെങ്കിൽ സർക്കാരിന് പ്രത്യേക സാമ്പത്തികബാദ്ധ്യതയുണ്ടാകില്ല. ഭരണനിർവഹണത്തിൽ പരിചയമുള്ള ഇത്തരം ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനാൽ മറ്റു ബുദ്ധിമുട്ടുകളും ഇല്ലെന്നിരിക്കെയാണ് പുറത്തു നിന്നുള്ളവരെ നിയമിക്കാൻ അനുമതി. നഗരസഭാ ചെയർമാൻമാർക്ക് പി.എമരെത്തുന്നതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും സമാനമായ ആവശ്യം ഉന്നയിക്കാനിടയുണ്ട്.
നഗരസഭ 87
എൽ.ഡി.എഫ് -44
യു.ഡി.എഫ് -41
ബി.ജെ.പി- 2
21,175 രൂപ വരെ ശമ്പളം
പുതുതായി നിയമിക്കുന്ന പി.എമാർക്ക് കരാർ,ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക്മാരുടെ
ശമ്പളം ലഭിക്കും. കരാർ അടിസ്ഥാനത്തിലുള്ള ക്ലർക്ക്മാർക്ക് 21,175 രൂപയാണ് പ്രതിമാസം ലഭിക്കുക. ദിവസവേതനാടിസ്ഥാനത്തിൽ 20,385 രൂപയും. ഏത് രീതിയിൽ വേണമെങ്കിലും നിയമനം നടത്താൻ നഗരസഭകൾക്ക് അധികാരമുണ്ട്.
'നഗരസഭാ ചെയർമാൻമാരുടെ ജോലിഭാരം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
ക്രിയാത്മകമായ ആവശ്യവും തീരുമാനവുമാണിത്.'
-എം.കൃഷ്ണദാസ്
ചെയർമാൻ,
ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമെൻ കേരള