
ന്യൂഡൽഹി: പണം നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ അമ്മയെ കഴുത്തറുത്ത് കൊന്ന് മകൾ. ഡൽഹി അംബേദ്കർ നഗറിലാണ് ദാരുണമായ കൊലപാതകം നടന്നത്. സുധ റാണി(55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ദേവയാനി ചൗഹാൻ സുഹൃത്ത് കാർത്തിക് ചൗഹാൻ എന്നിവർ അറസ്റ്റിലായി. അംബേദ്കർ നഗറിൽ കട നടത്തുകയായിരുന്നു സുധ. ബി ജെ പി പ്രവർത്തകയായ ഇവർ 2007ലെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
വീട്ടിൽ രണ്ട് മോഷ്ടാക്കൾ അതിക്രമിച്ച് കയറിയെന്നും തന്നെയെയും അമ്മയെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയെന്നും തടയാൻ ശ്രമിച്ച അമ്മയെ കൊലപ്പെടുത്തിയെന്നും മകൾ പൊലീസിൽ വിവരമറിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോൾ കട്ടിലിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ ചെറുത്തുനിൽക്കാനുള്ള ശ്രമങ്ങൾ നടന്നതായി പൊലീസിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. മോഷണം നടന്നതായുള്ള ലക്ഷണങ്ങളും ഇല്ലായിരുന്നു.
തുടർന്ന് പൊലീസ് മകൾ ദേവയാനിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രവർത്തികൾ സംശയാസ്പദമാണെന്ന് കണ്ടെത്തിയതോടെ കൂടുതൽ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ദേവയാനി കുറ്റം സമ്മതിച്ചു. അമ്മയിൽ നിന്ന് പണം മോഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ദേവയാനി സുഹൃത്ത് കാർത്തിക്കിന്റെ സഹായത്തോടെ കൊല നടത്തുകയായിരുന്നു. ആദ്യം ചായയിൽ ഉറക്കഗുളിക കലർത്തി നൽകിയതിന് ശേഷം ബ്ളേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുൻപ് മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കാൻ ദേവയാനി കുറച്ച് സ്വർണം എടുത്ത് സുഹൃത്തിന് നൽകുകയും ചെയ്തിരുന്നു.