
മുംബയ്: നവദമ്പതികളായ അൻമോൾ അംബാനിയും കൃഷ ഷായുടെയും വിവാഹ ചിത്രങ്ങൾ പുറത്ത്. സംരംഭകയും മനുഷ്യസ്നേഹിയുമായ പിങ്കി റെഡ്ഡിയാണ് വിവാഹചടങ്ങുകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വരന്റെ അമ്മ ടീന അംബാനി, അഭിഷേക് ബച്ചൻ, നടാഷ നന്ദ എന്നിവരും വിവാഹത്തിൽ പങ്കെടുത്ത മറ്റ് നിരവധി പേരുമൊത്തുള്ള ചിത്രങ്ങൾ പിങ്കി റെഡ്ഡി പങ്കുവച്ചിട്ടുണ്ട്. നിത അംബാനി, മുകേഷ് അംബാനി , ഇവരുടെ മകളായ ഇഷ അംബാനി എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. 'മനോഹരമായ വിവാഹം, അൻമോളെയും കൃഷയെയും ദൈവം അനുഗ്രഹിക്കട്ടെ. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരുന്നത് വളരെ രസകരമാണ്' എന്നാണ് പിങ്കി ചിത്രത്തിനോടൊപ്പം കുറിച്ചിരിക്കുന്നത്.
ടീന അംബാനിയുടെയും അനിൽ അംബാനിയുടെയും മൂത്തമകനായ അൻമോൾ അംബാനിയും കൃഷ ഷായും തമ്മിലുള്ള വിവാഹം നടന്നത് കഴിഞ്ഞ ദിവസമാണ്. മുംബയ് കഫെ പരേഡിലെ കുടുംബവീടായ സീവിൻഡിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അമിതാഭ് ബച്ചൻ, ശ്വേത ബച്ചൻ, ജയ ബച്ചൻ, നവ്യ നന്ദ തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിന് മുന്നോടിയായ ആഘോഷങ്ങൾ കഴിഞ്ഞ ആഴ്ച മുതൽ തന്നെ ആരംഭിച്ചിരുന്നു. ഈ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.