congress

തൃശൂർ: മോർഫ് ചെയ്‌ത അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് പരാതി നൽകിയ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് രാഷ്ട്രീയം വിട്ടു. ഒരാഴ്ച മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും തനിക്ക് ഒരുവിധ പിന്തുണയും ലഭിച്ചില്ലെന്നും പാർട്ടിയിൽ ഇനി പ്രതീക്ഷയില്ലെന്നും രാഷ്ട്രീയം വിടുകയാണെന്നും അവർ സമൂഹമാദ്ധ്യമത്തിൽ കുറിപ്പിടുകയായിരുന്നു.
പരാതി നൽകാനിടയായ സാഹചര്യമോ തന്റെയവസ്ഥയോ ഒന്നും നേതൃത്വം അന്വേഷിച്ചില്ല. കൂടപ്പിറപ്പുകളെന്ന് വിശ്വസിച്ചവർ തന്നെ വീഡിയോ പകർത്തിയും ഷെയർ ചെയ്തും നെറികെട്ട രാഷ്ട്രീയം കളിച്ച് എതിർചേരിയിലുള്ള ശത്രുവിനേക്കാൾ ഭംഗിയായി കളിച്ചു. പ്രതിസ്ഥാനത്ത് വന്നവരും അല്ലാത്തവരും സ്ക്രീനിന് പിന്നിലിരുന്ന് കളിച്ചും കളിപ്പിച്ചും ആസ്വദിച്ച മഹാന്മാരെല്ലാം അവരവരുടെ ഭാഗങ്ങൾ കൃത്യമായി ചെയ്തു.

സ്വന്തം നിലയ്ക്കാണ് പരാതി നൽകിയത്. അതും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. എന്നിട്ടും പൊലീസിൽ നിന്നുപോലും നീതി ലഭിച്ചില്ലെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, യുവതിയുടെ പരാതിയെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, മണ്ഡലം ഭാരവാഹി അഫ്സൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മതിലകം പൊലീസാണ് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.