
ഹൈദരാബാദ്: ആന്ധ്രാപ്രാദേശ് വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 50 വയസായിരുന്നു. ഇന്ന് പുലർച്ചെ വീടിനുള്ളിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് റെഡ്ഡിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒമ്പതരയോടെയാണ് മരണം സംഭവിച്ചത്.
എക്സ്പോ 2022നായി ദുബായിൽ പത്ത് ദിവസം ചെലവഴിച്ചതിന് ശേഷം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ഹൈദരാബാദിലേയ്ക്ക് മടങ്ങിയെത്തിയത്. ഗൗതം റെഡ്ഡിയുടെ വിയോഗത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി അനുശോചനം അറിയിച്ചു.
മുൻ എം പി മേകപതി രാജമോഹൻ റെഡ്ഡിയുടെ മകനാണ് ഗൗതം റെഡ്ഡി. അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. 2014ൽ ആത്മകൂരിൽ നിന്നാണ് ഗൗതം റെഡ്ഡി ആദ്യം എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2019ൽ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് മന്ത്രിസഭയിൽ മന്ത്രിയായി.