
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. അഞ്ച് വർഷങ്ങൾക്കിപ്പുറവും കേസിന്റെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല. ഈ കാര്യങ്ങളെല്ലാം ഫോളോ ചെയ്യുന്ന ആളാണ് താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. കേസിൽ കാലതാമസം വരുന്നത് പല കാരണങ്ങൾ കൊണ്ടാണ്. നീതി എന്തായാലും ലഭിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്താണ് കാലതാമസം വരുന്നതെന്ന കാര്യത്തിൽ സർക്കാർ മറുപടി പറയണമെന്നും ആഷിഖ് അബു പറഞ്ഞു. 'എന്റ വ്യക്തിപരമായ അഭിപ്രായത്തിൽ, അതിജീവിത ഇനി ഒളിച്ചിരിക്കരുത്. അവർ ഒരു കുറ്റവും ചെയ്തിട്ടില്ല. അവരെ ഇങ്ങനെ കവർ ചെയ്ത് നിർത്തണതാണ് പ്രശ്‌നം. അവർ മുഖ്യധാരയിലേക്ക് വരണം. സാധാരണ സ്ത്രീയെ പോലെ അവരെ കാണണം. അവർ ജീവിതത്തിലേക്ക് തിരിച്ച് വരേണ്ടതാണ്.'- അദ്ദേഹം പറഞ്ഞു.
കേരളം പോലൊരു സംസ്ഥാനത്ത് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ വളരെ വിശ്വാസമുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി. ഇതൊരു ക്രിമിനൽ കേസാണ്, ഇതിന്റെ നടപടികൾ വേറെയാണ്. സുപ്രീം കോടതി വരെ പോകാൻ സാദ്ധ്യതയുള്ള കേസാണ്. സത്യം മുടിവയ്ക്കാൻ പറ്റില്ല, കുറച്ച് കാലത്തേക്ക് വൈകിപ്പിക്കാൻ പറ്റുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. വിചാരണ വൈകിപ്പിക്കാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് നടന്റെ വാദം.