
കൊച്ചി: ഗൂഢാലോചനക്കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിക്കെതിരെ കക്ഷി ചേരാൻ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് തനിക്കെതിരെ സർക്കാർ തുടരന്വേഷണം നടത്തിയതെന്നാണ് ദിലീപിന്റെ ആരോപണം. എന്നാൽ കേസിലെ ഇരയായ തന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാവൂ എന്നാണ് നടിയുടെ അപേക്ഷ. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യമാണെന്നാണ് നടിയുടെ നിലപാട്. ഇന്ന് ഉച്ചയ‌്ക്ക് ശഷം 1.45ന് ഹൈക്കോടതി ഹർജി പരിഗണിക്കും. പ്രോസിക്യൂഷന്റെ വാദവും ഇതോടൊപ്പം ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, വധഗൂഢാലോചന കേസിലെ മൂന്നാം പ്രതി സുരാജ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. ഹൈക്കോടതി നിർദ്ദേശപ്രകാരം മൂന്നുദിവസം സുരാജിനെ ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രണ്ടാം പ്രതി അനൂപിനെ ചോദ്യം ചെയ്യും. തുടർന്ന് ദിലീപിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം.
നടൻ ദിലീപ് ഉൾപ്പെടെ വധഗൂഢാലോചനക്കേസ് പ്രതികളായ മൂന്നുപേർ കൈമാറിയ ഫോണുകളിൽ ചിലതിലെ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് അറിവ്. വിശദപരിശോധനയ്ക്കായി ആറ് ഫോണുകളും കോടതിയുടെ അനുമതിയോടെ കേന്ദ്ര ഫോറൻസിക് ലാബിലേക്ക് അയയ്ക്കാൻ ആലോചനയുണ്ട്. ബംഗളൂരുവിലെ റീജിയണൽ ഫോറൻസിക് ലബോറട്ടറിയും പുനെയിലെ സെൻട്രൽ ഫോറൻസിക് ലബോറട്ടറിയുമാണ് പരിഗണിക്കുന്നത്. കേന്ദ്ര ലാബുകളിലെ പരിശോധനാഫലം ലഭിക്കാൻ വൈകുമെന്നതാണ് ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നത്.
പതിനഞ്ച് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ശനിയാഴ്ച വൈകിട്ടാണ് ഫോണുകളുടെ ഇവിടത്തെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഈ മാസം നാലിനാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ഫോണുകൾ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലിൽ എത്തിച്ചത്.
ദിലീപ് 2017മുതൽ 2021 ആഗസ്റ്റ് വരെ ഉപയോഗിച്ച ഐഫോൺ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ദിലീപ് ഇല്ലെന്ന് പറഞ്ഞ ഈ ഫോണിൽ നിന്ന് 2,075 വിളികൾ പോയതിന്റെ സി.ഡി.ആർ അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയിരുന്നു. ഗൂഢാലോചന നടത്തിയതിനും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സൂക്ഷിച്ചതിനും പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതിനുമെല്ലാമുള്ള തെളിവുകൾ ഈ ഫോണിലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.