
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരം വർദ്ധിപ്പിക്കുന്നതിനായി ജനങ്ങളിൽ നിന്ന് സ്വർണ ബിസ്ക്കറ്റുകൾ കടം വാങ്ങാനുള്ള നിർദേശം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ പരിഗണിക്കുന്നു. രാജ്യത്തെ എല്ലാ സാമ്പത്തിക മന്ത്രിമാരും സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാൻ(എസ്ബിപി) ഗവർണറും അടങ്ങുന്ന എക്സിക്യൂട്ടീവ് കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്തതായി ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
നിർദേശം അനുസരിച്ച്, വാണിജ്യ ബാങ്കുകൾ സ്വർണം കടം വാങ്ങിയ ശേഷം പകരം പലിശ നൽകും. വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിനായി വാണിജ്യ ബാങ്കുകൾ സ്വർണം എസ്ബിപിയിൽ നിക്ഷേപിക്കും. 2021 ഡിസംബർ 31ലെ എസ്ബിപിയുടെ പ്രസ്താവന പ്രകാരം കേന്ദ്ര ബാങ്കിന് 3.8 ബില്യൻ ഡോളർ മൂല്യമുള്ള 59533 കിലോഗ്രാം സ്വർണ ശേഖരമുണ്ട്. നിലവിൽ ബാങ്കിന്റെ കരുതൽ ശേഖരം കുറഞ്ഞുവരികയാണെന്നും എസ്ബിപിയുടെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പാകിസ്താൻ സർക്കാർ സൗദി അറേബ്യയിൽ നിന്നും മൂന്ന് ബില്യൻ യുഎസ് ഡോളർ വായ്പയെടുത്തിരുന്നു. കുറഞ്ഞ കയറ്റുമതി നിരക്കും ഉയർന്ന ഇറക്കുമതിയും കാരണം കരുതൽ ശേഖരം സ്ഥിരപ്പെടുത്താൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. പ്രവാസിയായ താഹിർ മെഹമൂദാണ് ജനങ്ങളിൽ നിന്ന് സ്വർണം കടം വാങ്ങുന്നതിനുള്ല നിർദേശം ആദ്യം പ്രധാനമന്ത്രിയെ അറിയിച്ചത്. ഇതിലൂടെ രാജ്യത്തിന്റെ കരുതൽ ശേഖരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. കണക്കുകൾ പ്രകാരം ഏകദേശം 5,000ടൺ സ്വർണമാണ് ജനങ്ങളുടെ കൈവശം ഉള്ളത്.