
നടൻ മാത്രമല്ല വ്യത്യസ്ഥ വേഷങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള മികച്ച നടനാണ് താനെന്ന് ഡോ.എ.വി അനൂപ് (മെഡിമിക്സ് ) തെളിയിച്ച ചിത്രമാണ് പൊളിറ്റിക്കൽ കറക്ട്നെസ്. സന്ദീപ് സംവിധാനം ചെയ്ത 28 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹൃസ്വചിത്രം ഇപ്പോൾ യൂ ട്യൂബിൽ തരംഗം സഷ്ടിക്കുകയാണ്.എ.വി.അനൂപ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് നിർമ്മിച്ച ഈ ചിത്രം രാഷ്ട്രീയരംഗത്ത് പടവുകൾ ചവുട്ടിക്കയറാൻ ശ്രമിക്കുന്ന എല്ലാവർക്കും വലിയൊരു സന്ദേശം പകർന്നു നൽകുന്നതാണ്.സത്യത്തിന്റെ നേർവഴിയിലൂടെ സഞ്ചരിക്കാതെ നേടിയെടുക്കുന്നതൊന്നും ശാശ്വതമല്ലെന്നും അത് നിതാന്തമായ കുറ്റബോധം മാത്രമെ പകരുകയുള്ളുവെന്നും ഈ ചിത്രം പ്രേക്ഷകരെ പഠിപ്പിക്കുന്നു.വെള്ളത്തിൽ നിന്നും ഒരു കുട്ടിയെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് തന്റെ മകന്റെ പേരിലാക്കി ധീരതയ്ക്കുള്ള പുരസ്കാരം നേടിയെടുക്കുന്ന രാഷ്ട്രീയക്കാരനായ ഒരച്ഛന്റെ കഥയാണ് ചിത്രത്തിന്റെ വൺലൈൻ.തുടർന്നുണ്ടാകുന്ന നാടകീയ സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ നാടകീയത വർദ്ധിപ്പിക്കുന്നത്.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അനൂപിന്റെ 59 കുടുംബാംഗങ്ങളാണ് ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നതെന്നതാണ്.അനൂപിന്റെ അമ്മയും ഭാര്യയും മക്കളും കുടുംബാംഗങ്ങളുമെല്ലാം ഈ ചിത്രത്തിൽ വന്നുപോകുന്നുണ്ട്.പ്രധാനവേഷമായ റാം മോഹൻതമ്പിയെ അനൂപ് അവിസ്മരണീയമാക്കിയിരിക്കുന്നു.വില്ലനായുള്ള ആ വേഷം മികച്ച രീതിയിലാണ് അനൂപ് അവതരിപ്പിക്കുന്നത്.ചിത്രത്തിലെ മറ്റൊരു പ്രധാന വേഷമായ ചായക്കടക്കാരൻ ബാലനായി വരുന്നത് അടുത്ത ബന്ധുവും കണ്ണൂരിലെ ജില്ലാ ജഡ്ജായ (ഇപ്പോൾ ലേബർ കോർട്ട് ജഡ്ജ് ) ആർ.എൽ.ബൈജുവാണ്.എം.പിയായി വരുന്നത് മുൻ ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ.സരിതയാണ്.തമ്പിയുടെ മകന്റെ വേഷമിട്ടത് അനൂപിന്റെ കസിന്റെ മകനാണ് അഭിജിത്തെന്ന ബാലനായി അഭിനയിച്ചത്.തലശേരിയിലെ ഒരു കൗൺസിലറാണ് പ്രിയങ്കയെന്ന കൗൺസിലറായി വേഷമിട്ടത്.ഒരു കുടുംബത്തിലെ 59 പേർ ഒരു ചിത്രത്തിൽ അഭിനയിക്കുന്നുവെന്നത് ലോക റെക്കാഡാണ്.ഏഷ്യാ ബുക്ക് ഒഫ് റെക്കോഡ്സിന്റെ പരിഗണനയിൽ ചിത്രം എത്തിയിട്ടുണ്ട്.
കുടുംബ കൂട്ടായ്മ
" കോഴിക്കോട്ടെ തറവാട് വീട്ടിൽ വച്ചായിരുന്നു ചിത്രീകരണം.അഞ്ചു ദിവസമെടുത്തു.കൊവിഡ് കഴിഞ്ഞുള്ള
ആദ്യ ഒത്തുചേരലായിരുന്നു.എല്ലാവർക്കും വലിയ എക്സൈറ്റ്മെന്റായിരുന്നു.സാധാരണ കുടുംബയോഗം
വല്ല സ്റ്റാർഹോട്ടലിലോ മറ്റോ ആണ് നടത്താറുള്ളത്. എന്നാൽ കുടുംബ വീടായപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു." -അനൂപ് പറഞ്ഞു.ഇപ്പോൾ യൂ ട്യൂബിൽ വന്നപ്പോൾ എല്ലാവരുടെയും സന്തോഷം ഇരട്ടിച്ചുവെന്നും അനൂപ് പറയുന്നു.