lalu

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന് തടവ് ശിക്ഷ. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചത്.

മുൻപ് 2013ൽ കാലിത്തീറ്റ കുംഭകോണ കേസുകളിൽ ആദ്യമായി അറസ്‌റ്റിലായ ലാലുവിന് ആ വർഷം തന്നെ ജാമ്യം ലഭിച്ചിരുന്നു. മറ്റ് കാലിത്തീറ്റ കേസുകളിൽ ലാലു 2017ൽ വീണ്ടും അറസ്‌റ്റിലായി. എന്നാൽ 2021 ഏപ്രിലിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. അഞ്ചാമത് കാലിത്തീറ്റ കേസിൽ ലാലുവും മറ്റ് 75 പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ തിങ്കളാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. ആറ് ‌സ്‌ത്രീകൾ ഉൾപ്പടെ 24 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ജഡ്‌ജി എസ്.കെ ഷാഷി വിട്ടയച്ചു. ലാലുവിന്റെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

ബിഹാർ വിഭജനത്തിന് മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതു ഖജനാവിൽ നിന്നും 950 കോടി രൂപ തട്ടിയെടുത്തെന്ന അഴിമതിയിൽ 170 കുറ്റപത്രങ്ങളാണ് സിബിഐ സമർപ്പിച്ചത്. ലാലു പ്രസാദിനെ കൂടാതെ മുൻ എം.പി ജഗദീഷ് ശർമ്മ, അന്നത്തെ പബ്ളിക് അക്കൗണ്ട്‌സ് കമ്മി‌റ്റി (പിഎസി) ചെയർമാൻ ധ്രുവ് ഭഗത് തുടങ്ങി നിരവധി പ്രധാന ഉദ്യോഗസ്ഥരായിരുന്നവർ പ്രതി സ്ഥാനത്തുണ്ട്.

കേസ് വിചാരണവേളയിൽ പ്രതിയായിരുന്ന മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം 55 പ്രതികൾ മരിച്ചു. ആറുപേർ ഇപ്പോഴും ഒളിവിലാണ്. ദുംക, ദിയോഘർ,ചിബാസ ട്രഷറികളുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളിലായി ലാലുവിന് 14 വർഷം തടവും 60 ലക്ഷം പിഴയും കോടതി വിധിച്ചിരുന്നു. ഈ കേസിൽ 2021 ഏപ്രിലിൽ ലാലുവിന് ജാമ്യവും ലഭിച്ചിരുന്നു. 2017 മുതൽ ബിർസ മുണ്ട സെൻട്രൽ ജയിലിലാണ് ലാലു കഴിഞ്ഞിരുന്നത്.

1996 ജനുവരിയിൽ മൃഗസംരക്ഷണ വകുപ്പിൽ നടന്ന ഒരു റെയ്‌ഡിലാണ് കോടികളുടെ അഴിമതിയുടെ സൂചനകൾ ലഭിച്ചത്. 1997ൽ സിബിഐ ലാലു പ്രസാദ് യാദവിനെയും മുൻ ബീഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെയും പ്രതികളായി ചേർത്തു.2013ൽ കോടതി ഇവരെയുൾപ്പടെ 47 പേരെ പ്രതികളായി ശിക്ഷ വിധിച്ചു. അതേവർഷം ഡിസംബറിൽ ലാലുവിന് ജാമ്യവും ലഭിച്ചു. എന്നാൽ 2017 ഡിസംബറിൽ ലാലു മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് തടവ് ശിക്ഷ അനുഭവിച്ചു.