പ്രകൃതിയെ അറിയാനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സ്വയം തിരിച്ചറിയാനും ഇടയ്‌ക്കൊക്കെ ഒന്ന് കാടുകയറുന്നത് നല്ലതാണ്.

എന്നാൽ കവിഭാഷയിലെ സൗന്ദര്യം മാത്രമല്ല കാടു കാത്തു വച്ചിരിക്കുന്നത് എന്ന കാര്യം നമ്മൾ കരുതേണ്ടതുണ്ട്. 'വന്യ സൗന്ദര്യം' എന്നതിൽ സൗന്ദര്യം എന്നത് പോലെ വന്യതയും ഉണ്ട് എന്ന് നാം തിരിച്ചറിയണം. ട്രക്കിംഗ് ഇന്ന് ചെറുപ്പക്കാർ എന്നോ മുതിർന്നവർ എന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഹരമാണ്.

ആധുനിക ജീവിതത്തിന്റെ ഗതിവേഗങ്ങൾ വിട്ട് പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു മടക്കയാത്രയാണ് ട്രക്കിംഗ്. സോഷ്യൽ മീഡിയയിൽ ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മകളും സജീവമാണ്. എന്നാൽ പ്രകൃതിയിൽ എല്ലാത്തിനും അതിന്റെതായ നിയമങ്ങളും നിബന്ധനകളും ഉള്ളത് പോലെ വനയാത്രകളിലും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. വന്യ ജീവികളുടെ വിഹാര കേന്ദ്രമാണ് വനം. നാട് മനുഷ്യർക്കുള്ളതാണെങ്കിൽ കാട് മൃഗങ്ങൾക്കുള്ളതാണ്.

trekking

കാടിറങ്ങി വരുന്ന മൃഗത്തിനെ നാട്ടിൽ എന്നപോലെയാകും കാടുകയറി ചെല്ലുന്ന മനുഷ്യനെ അവിടെ മൃഗങ്ങളും കാണുക. അവരുടെ ആവാസ വ്യവസ്ഥയിലേക്ക് ചെല്ലുമ്പോൾ അതൊരു തരം അതിക്രമിച്ചു കയറൽ തന്നെയാണ്. മനുഷ്യനോട് മമത കാട്ടാൻ മാത്രമുള്ള വിവേചന ബുദ്ധിയൊന്നും കാട്ടു മൃഗങ്ങൾക്കില്ല.

കാട്ടുമൃഗങ്ങൾ മാത്രമല്ല കാടിന്റെ പ്രശ്‌നം. പരിസ്ഥിതി, ഭൂഘടന, കാലാവസ്ഥ അങ്ങനെ പലതുമുണ്ട്. ഇതൊന്നും അറിയാതെ കാടും മലയും കയറുമ്പോഴാണ് കുമ്പാച്ചി മല കയറിയ ബാബുവിന്റെ അവസ്ഥകൾ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ സ്വയം സുരക്ഷയ്ക്കു വേണ്ടിയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാനും രാജ്യത്തിന്റെ സമ്പത്ത് വെറുതെ കളയാതിരിക്കാനും കാടു കയറുന്നവർ അറിയേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈയാഴ്ച നേർക്കണ്ണിൽ വിശദീകരിക്കുന്നത്. . ഈ യാത്രയിൽ നമുക്കൊപ്പമുള്ളത് കൊല്ലം ജില്ലയിലെ അരിപ്പ ഫോറെസ്റ്റ് ട്രെയിനിങ് കോളേജ് ഡെപ്യുട്ടി ഡയറക്ടർ മുഹമ്മദ് അൻവർ, കോഴിക്കോട് ഡി എഫ് ഒ രാജീവ് എന്നിവരാണ്.