truth-social-app

വാഷിംഗ്ടൺ: സോഷ്യൽ മീഡിയ ഭീമൻമാരായ ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയവയ്ക്ക് ബദലായി പുതിയ ആപ്ളിക്കേഷൻ അവതരിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ എന്ന് പേര് നൽകിയിരിക്കുന്ന ആപ്പ് ഇന്നലെ മുതൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ ലഭ്യമായിത്തുടങ്ങി.

ആപ്പ് മുൻകൂട്ടി ഓർഡർ‌ ചെയ്ത ഉപഭോക്താക്കളുടെ ആപ്പിൾ ഉപകരണങ്ങളിലേക്ക് സ്വമേധയാ ആപ്പ് ഡൗൺലോഡ് ആകും. മാർച്ച് അവസാന വാരത്തോടെ ആപ്പ് പൂർണമായി പ്രവർത്തനക്ഷമമാവുമെന്ന് നിർമാതാക്കളായ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് അറിയിച്ചു. ആപ്ളിക്കേനിൽ എന്തൊക്കെ ഫീച്ചറുകൾ വേണമെന്ന് ഉപഭോക്താക്കൾക്ക് നിർദേശം നൽകാനാകുമെന്ന് ട്രൂത്ത് സോഷ്യൽ ആപ്പ് സി ഇ ഒ ഡെവിൻ നൂൻസ് പറഞ്ഞു.

2021 ജനുവരി ആറിന് യു എസ് കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്ത് ട്രംപ് സന്ദേശങ്ങൾ പങ്കുവച്ചതിന് ട്വിറ്റർ, ഫേസ്‌ബുക്ക്, യൂട്യൂബ് എന്നിവ ട്രംപിനെ വിലക്കിയിരുന്നു. പിന്നാലെ പുതിയ ആപ്പ് രൂപീകരിക്കുമെന്ന് ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് കഴിഞ്ഞ ഒക്ടോബറിൽ ആഹ്വാനം ചെയ്യുകയും ചെയ്തു.

ആപ്പിന് മികച്ച സ്വീകാര്യത ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. പുതിയ പതിപ്പായ 1.01ൽ ബ‌ഗ് ഫിക്‌സിംഗ് ഉൾപ്പടെ ലഭ്യമാണ്. എന്നാൽ ആപ്പിന് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായും പരാതി ഉയരുന്നുണ്ട്. ചിലർ അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതിപ്പെടുമ്പോൾ മറ്റ് ചിലർ തങ്ങളെ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു എന്നു പറയുന്നു. ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു എന്ന സന്ദേശമാണ് ലഭിക്കുന്നത്.