
കല്പറ്റ: വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലക്കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. കല്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അഞ്ചു ലക്ഷം രൂപ മരിച്ച ദമ്പതികളുടെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.
2018 ജൂലായ് ആറിനായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു.
മോഷണം ചെറുക്കുന്നതിനിടെയായിരുന്നു ഇരുവരെയും കമ്പി വടി കൊണ്ട് പ്രതി അടിച്ചു കൊന്നത്. മരണം ഉറപ്പാക്കിയ ശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി രക്ഷപ്പെടുകയായിരുന്നു. കേസ് പരിഗണിച്ച കോടതി അപൂർവങ്ങളിൽ അപൂർവം എന്നാണ് നിരീക്ഷിച്ചത്.
ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലാതിരുന്ന കേസിൽ രണ്ടു മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടിക്കുന്നത്. എഴുന്നൂറോളം പേരെയാണ് പൊലീസ് നിരീക്ഷിച്ചത്. അറസ്റ്റിലായ അന്നുമുതൽ വിശ്വനാഥൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്.