ഗുരുവിന്റെ ശിഷ്യപരമ്പരയിൽ ഏറ്റവും സംശുദ്ധമായ ജീവിതം നയിച്ച സന്ന്യാസി ശ്രേഷ്ഠനായ ശങ്കരാനന്ദസ്വാമികൾ ലളിതവും നിർമ്മലവും ആർഭാടരഹിതവുമായ ദിനചര്യങ്ങളുടെ ഉടമയായിരുന്നു. തൃശൂർ കൂർക്കൻ ചേരിയിൽ വച്ച് 1928 ജനുവരി ഒമ്പതിന് ശ്രീനാരായണഗുരു അദ്ധ്യക്ഷനായി രൂപീകരിച്ച ധർമ്മസംഘത്തിന്റെ രേഖകളിൽ ഒപ്പുവച്ച പത്ത് അംഗങ്ങളിൽ ശങ്കരാനന്ദസ്വാമികളും ഉണ്ടായിരുന്നു. നടരാജഗുരുവും സന്നിഹിതനായിരുന്നു. ഗുരുവിന്റെ മഹാസമാധിക്കുശേഷം ബോധാനന്ദസ്വാമികൾ, ഗോവിന്ദാനന്ദസ്വാമികൾ, അച്യുതാനന്ദസ്വാമികൾ എന്നിവർ മഠാധിപതികളായി. തുടർന്ന് ശങ്കരാനന്ദസ്വാമികൾ ധർമ്മസംഘം അദ്ധ്യക്ഷനും ശിവഗിരിമഠാധിപതിയുമായി.
1943 ജനുവരി മുതൽ 1976 ൽ സമാധിയാകും വരെ സ്വാമികൾ ശിവഗിരി മഠാധിപതി എന്ന് അറിയപ്പെട്ടിരുന്നു. 1959 ഏപ്രിലിലാണ് ധർമ്മസംഘം, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റായി രൂപാന്തരം പ്രാപിച്ചത്. ഗുരുദേവന്റെ ദിവ്യമായ ഭൗതിക കളേബരം അടക്കം ചെയ്തിരിക്കുന്ന മഹാസമാധി മന്ദിരത്തിൽ 1969 ജനുവരി ഒന്നിന് ഗുരുവിന്റെ തിരുവിഗ്രഹം പ്രതിഷ്ഠിക്കാനുള്ള മഹാഭാഗ്യവും ലഭിച്ചത് മഠാധിപതിയായിരുന്ന ശങ്കരാനന്ദസ്വാമികൾക്കാണ്.
ശങ്കരാനന്ദസ്വാമികൾ തൃശൂർ ജില്ലയിൽ കുറുമാലിപ്പുഴയുടെ കരയിൽ പുരാതനവും പ്രസിദ്ധവുമായ കോമത്തുകാട്ടിൽ തറവാട്ടിലാണ് 1888 ൽ ജന്മമെടുത്തത്. പൂർവാശ്രമത്തിൽ ഉണ്ണിചേന്നൻ എന്നായിരുന്നു നാമം. ഒന്നാം ലോകസഭയിൽ അംഗവും ആർ. ശങ്കർ സർക്കാരിലെ മന്ത്രിയും മുൻ എസ്.എൻ.ഡി.പിയോഗം പ്രസിഡന്റും ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന കെ. ടി. അച്യുതൻ, സാഹിത്യകാരൻ വിദ്യാരത്നം, കെ. ആർ. ഭാസ്കരൻ എന്നിവർ സഹോദരപുത്രൻമാരാണ്. ആദ്യകാലത്ത് സിദ്ധാശ്രമസ്ഥാപകനായ ആലത്തൂർ സ്വാമി ബ്രഹ്മാനന്ദശിവയോഗികളുടെ ശിഷ്യനായിരുന്നു. പിന്നീട് ഉണ്ണിചേന്നൻ തെക്കെ ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളും തിരുവണ്ണാമലയിലെ രമണമഹർഷിയുടെ ആശ്രമവും സന്ദർശിച്ച് തിരികെ എത്തി.

ആ സമയത്ത് പെരിങ്ങോട്കര സോമശേഖരക്ഷേത്രത്തിൽ തൃപ്പാദങ്ങളെ സന്ദർശിക്കുകയും ഗുരുവിന്റെ ദിവ്യചൈതന്യത്തിൽ ആകൃഷ്ടനാകുകയും ചെയ്തു.1090 ൽ ഉണ്ണിചേന്നൻ ഗുരുവിൽ നിന്ന് സന്ന്യാസം സ്വീകരിച്ച് സ്വാമി ശങ്കരാനന്ദനായി. ബോധാനന്ദസ്വാമികളുടെ അഭിലാഷപ്രകാരം ഗുരു, അദ്ദേഹത്തെ 27ാം വയസിൽ ആലുവ അദ്വൈതാശ്രമത്തിൽ സെക്രട്ടറി സ്ഥാനം ഏൽപ്പിക്കുകയും ചെയ്തു. താണിശേരിയിലെ സവർണ മേധാവിത്വത്തിനെതിരായി നടത്തിയ പുലയടിയന്തിരത്തിലും തത്സംബന്ധമായ ബഹളത്തിലും സ്വാമിക്ക് പ്രധാന പങ്കാളിയാകേണ്ടി വന്നു. സിലോണിൽ നിന്ന് മദ്രാസിൽ മടങ്ങിയ എത്തിയ ഗുരുദേവൻ ശങ്കരാനന്ദസ്വാമികളുടെ അപേക്ഷയെ തുടർന്നാണ് ശിവഗിരിയിലേക്ക് തിരിച്ചെത്തിയത്.ബ്രഹ്മവിദ്യാലയം, ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രി, ആദ്യ ശിവഗിരി തീർത്ഥാടനം, ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ, ഗുരുദേവകൃതികളുടെ പ്രസിദ്ധീകരണം തുടങ്ങിയ മഹത് ഉദ്യമങ്ങൾക്ക് ഇച്ഛാശക്തിയോടെ നില കൊണ്ട മഹാത്മാവാണ് സ്വാമികൾ. സ്വാമി ശങ്കരാനന്ദയും ഗീതാനന്ദസ്വാമികളും കൂടി വർക്കലയിലും കൊല്ലത്തും തിരുവനന്തപുരത്തുമുള്ള ഗുരുഭക്തരുടെ ഗൃഹങ്ങൾ സന്ദർശിച്ച് സമാഹരിച്ച സംഭാവനകൾ കൊണ്ടാണ് ഡോ. പി. എൻ. നാരായണന്റെ സഹകരണത്തോടെ ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രി സ്ഥാപിച്ചത്. കൂടാതെ ബ്രഹ്മവിദ്യാലയം 1970 ഡിസംബർ 31 ന് ശങ്കരാനന്ദസ്വാമികളാണ് ഉദ്ഘാടനം ചെയ്തത്. ഗുരുദേവൻ ആലുവയിൽ നടത്തിയ സർവമതസമ്മേളനത്തെ തുടർന്ന് ശിവഗിരിയിൽ സ്ഥാപിച്ച മതമഹാപാഠശാല (ബ്രഹ്മവിദ്യാലയം) ആണ് ഗുരുവിന്റെ സന്ന്യാസശിഷ്യപരമ്പരയ്ക്ക് രൂപവും ഭാവവും നൽകുന്നത്. ഭക്തിയോഗത്തിന്റെ മൂർത്തഭാവമാണ് സ്വാമികളെന്ന് സച്ചിദാനന്ദസ്വാമികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. തൃപാദങ്ങൾ ഏകദേശം 85 വർഷങ്ങൾക്ക് മുമ്പു തന്നെ, സാംസ്കാരിക ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിരുന്നു. തീർത്ഥാടനലക്ഷ്യങ്ങൾ തന്നെ അതിന് ഉദാഹരണമാണ്. കൃഷി, ശാസ്ത്രം, ഗൃഹശാസ്ത്രം, നെയ്ത്ത്, ചെറുകിടവ്യവസായങ്ങൾക്ക് ശിവഗിരി സ്കൂളിൽ പരിശീലനം നൽകിയിരുന്നു. അതായിരുന്നു വൊക്കേഷണൽ വിദ്യാഭ്യാസത്തിന്റെ തുടക്കം. ശങ്കരാനന്ദസ്വാമികളുടെ സമാധിമന്ദിരം പണികഴിപ്പിച്ചതും ശിവഗിരിയിലെ പുതിയ ഗസ്റ്റ് ഹൗസിന് ബ്രഹ്മശ്രീ ശങ്കരാനന്ദസ്വാമിനിലയം, ശിവഗിരിമഠം, വർക്കല എന്ന് നാമകരണം ചെയ്ത് ബോർഡ് സ്ഥാപിച്ചതും ശ്രീമദ് പ്രകാശാനന്ദസ്വാമി പ്രസിഡന്റും ശ്രീമദ് ഋതംഭരാനന്ദസ്വാമി ജനറൽ സെക്രട്ടറിയുമായിരുന്ന കാലത്താണ്.
(ലേഖകന്റെ ഫോൺ: 95679 34095)