yogi-adityanath

ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്നെണ്ണം പൂർത്തിയായി. തിരഞ്ഞെടുപ്പ് കടുക്കുന്നതോടൊപ്പം പ്രചാരണങ്ങളും ശക്തമാവുകയാണ്. ബി ജെ പിയുടെ അധികാരം നിലനിറുത്തുന്നതിനായി നിലവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് സജീവമാണ്.

മറ്റ് പാർട്ടിക്കാർ രണ്ടാം സ്ഥാനത്തിനായാണ് മത്സരിക്കുന്നതെന്നും ഖൊരക്‌പൂരിലെ സ്വന്തം സീറ്റിനെക്കുറിച്ച് പോലും തനിക്കാശങ്കയില്ലെന്നും യോഗി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ ഒരു സാധാരണ ബി ജെ പി പ്രവർത്തകനാണ്. പാർട്ടി നൽകുന്ന ദൗത്യങ്ങൾ നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്. താൻ ഒരു പദവിയുടെയും കസേരയുടെയും പിന്നാലെ ഓടിയിട്ടില്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവി ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുത്തരമായി യോഗി പറഞ്ഞു.

മൂന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം എസ് പി, ബി എസ് പി, കോൺഗ്രസ് എന്നിവരുടെ ജാമ്യാപേക്ഷകൾ പിടിച്ചെടുക്കുന്ന തരത്തിൽ ബി ജെ പിയ്ക്ക് വോട്ടുകൾ ലഭിക്കുമെന്ന് യോഗി ഒരു പ്രചാരണ റാലിക്കിടെ പറഞ്ഞു. മുൻപ് വൈദ്യുതി പോലും രാഷ്ട്രീയവത്കരിച്ചിരുന്നു. ഈദ്, മുഹറം എന്നീ ദിവസങ്ങളിൽ വൈദ്യുതിയുണ്ടാകും എന്നാൽ ഹോളി, ദീപാവലി ദിവസങ്ങളിൽ ഉണ്ടാകില്ല.ഇനി മുതൽ അത്തരം വിവേചനങ്ങൾ ഉണ്ടാകില്ലെന്നും യോഗി വ്യക്തമാക്കി. രാജ്യത്തെ കർഷകർ സർക്കാർ അവർക്ക് നൽകിയ നിരവധി ആനുകൂല്യങ്ങൾ കണക്കിലെടുത്ത് ബി ജെ പിയെ പിന്തുണയ്ക്കും. വോട്ടർമാരിൽ 80 ശതമാനം പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും ബാക്കി 20 ശതമാനത്തിനായാണ് മറ്റ് പാർട്ടികൾ തമ്മിൽത്തല്ലുന്നതെന്നും യോഗി കൂട്ടിച്ചേർത്തു.