j

കാമ്പസ് സിനിമ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം ക്ലാസ്‌മേറ്റ്സ് ആയിരിക്കും. ലാൽ ജോസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്സിലെ റസിയ എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസിൽ തങ്ങിനിൽക്കുന്നു. റസിയയെ അവിസ്മരണീയമാക്കിയ രാധികയെയും മലയാളികൾക്ക് ഏറെ പ്രിയം. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന രാധിക ആറു വർഷങ്ങൾക്കുശേഷം ശക്തമായൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പുതിയ സിനിമയുടെ വിശേഷങ്ങളിലേക്ക്.

പുതിയ ചിത്രം

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മഞ്ജു ചേച്ചിയാണ് (മഞ്ജു വാര്യർ) ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. റാസ് അൽ ഖൈമയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അവിടുത്തെ പ്രേതഭവനം എന്നറിയപ്പെടുന്ന അൽ ഖാസിമി കൊട്ടാരത്തിലാണ് ഷുട്ടിംഗ് നടക്കുന്നത്. ഒരുപാട് വർണച്ചിത്രങ്ങളും ചിത്രപ്പണികളും മനോഹരമായ വാസ്തുവിദ്യകളും നിറഞ്ഞ ഒരു നാലുനില കൊട്ടാരമാണത്. ഷൂട്ടിംഗ് വളരെ നല്ലൊരു അനുഭവമാണ്. മുഴുവൻ ടീമും ഭയങ്കര പോസിറ്രിവിറ്റിയാണ് നൽകുന്നത്. എല്ലാവരും നല്ല സൗഹൃദത്തോടെയാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെ 6 വർഷത്തെ ഇടവേളയൊന്നും എനിക്ക് അനുഭവപ്പെട്ടില്ല. ഇതുവരെ നല്ലതു പോലെ ചെയ്യാൻ കഴിഞ്ഞു എന്നുതന്നെയാണ് വിശ്വസിക്കുന്നത്.

മഞ്ജു ചേച്ചിയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. എല്ലാവർക്കും അറിയുന്ന പോലെ ഭയങ്കര അനുകമ്പയും സ്നേഹവുമുള്ള വ്യക്തിയാണ് മഞ്ജു ചേച്ചി. ഓരോ രംഗത്തിലും മഞ്ജു ചേച്ചിയ്ക്കൊപ്പം നിൽക്കുമ്പോഴുള്ള സന്തോഷം വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രയ്ക്ക് എക്സൈറ്രഡ് ആണ് ഞാൻ. ഞാൻ സിനിമകൾ ചെയ്തിരുന്ന സമയത്ത് മഞ്ജു ചേച്ചി സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. അപ്പോൾ ഞാൻ ആലോചിച്ചിരുന്നു, മഞ്ജു ചേച്ചിയുടെ കൂടെ. അല്ലെങ്കിൽ അങ്ങനെ ചിലരുടെ കൂടെ അഭിനയിക്കാൻ പറ്രിയില്ലല്ലോ എന്ന്. മഞ്ജു ചേച്ചി തിരിച്ചുവന്നപ്പോൾ ഞാൻ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അത്രയും വലിയ ഒരു ആഗ്രഹമാണ് ഇപ്പോൾ ഈ സിനിമയിലൂടെ നടക്കുന്നത്. വാക്കുകൾക്കതീതമായ സന്തോഷമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്. ആയിഷ തിയേറ്ററിൽ കാണാനുള്ള എക്സൈറ്റ്മെന്റിലാണ് ഞാൻ.

j

ഇടവേള ആസ്വദിച്ചു

സിനിമയിൽ നിന്നും ഇടവേളയെടുത്ത സമയത്ത് കുറച്ച് പാചകം പഠിച്ചു. പിന്നെ എക്കാലത്തെയും എന്റെ ഹോബിയാണ് പെയിന്റിംഗ്. സിനിമകൾ ചെയ്യുന്നത് കാരണം മുമ്പ് അതിനുവേണ്ടി ചെലവഴിക്കാൻ അധികം സമയമുണ്ടായിരുന്നില്ല. ഇടവേളയെടുത്തപ്പോൾ അതിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പറ്രി. ഒരുപാട് യാത്രകൾ ചെയ്തു. ദുബായ് മുഴുവൻ ചുറ്റിക്കണ്ടു. പിന്നെ വീട്ടിൽ ജോലിക്കാരിയൊന്നും ഉണ്ടായിരുന്നില്ല. അപ്പോൾ രാവിലെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യണമായിരുന്നു. ആദ്യമൊക്കെ ഒരുപാട് കഷ്ടപ്പാടായിരുന്നു. നല്ലതു പോലെ ഭക്ഷണം കഴിക്കുക, ഉറങ്ങുക. ഇതെല്ലാമായിരുന്നു ദുബായ് ജീവിതം. ഈ സമയങ്ങളിൽ സിനിമ മിസ് ചെയ്തിട്ടുണ്ടോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ ഞാൻ മിസ് ചെയ്തിട്ടില്ല. ഞാൻ നന്നായി ആസ്വദിച്ചു. എനിക്ക് ദുബായിലെ ജീവിതം ഭയങ്കര ഇഷ്ടമാണ്. ഒരു ദിവസം പോലും മടുപ്പ് തോന്നിയിട്ടില്ല. മലയാളം സിനിമകളെല്ലാം ഞാൻ കാണാറുണ്ട്. വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രമാണ് ഞാൻ ആദ്യം കണ്ടത്. ഒരുപാട് ഇഷ്ടമായി ആ ചിത്രം. അതുകഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് ആയിഷയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നെ നല്ല തിരക്കായി.

ഞാൻ സിനിമ ചെയ്യില്ല എന്ന് ആരോടും പറഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞ് ഒരു ബ്രേക്ക് വന്നു. ഞാൻ ദുബായിലോട്ടും സഥിരതാമസമാക്കി. പിന്നെ സിനിമയിലേക്ക് ചാൻസൊന്നും ചോദിക്കാത്തതുകൊണ്ട് തന്നെ ഞാൻ സിനിമ ഉപേക്ഷിച്ചു എന്ന് ചിന്തിച്ചിരിക്കണം. ആയിഷ യാദൃച്ഛികമായി വന്നുചേർന്ന സിനിമയാണ്. കഥ കേട്ടപ്പോൾ എനിക്ക് എന്റെ കഥാപാത്രം ഇഷ്ടപ്പെട്ടു. മഞ്ജു ചേച്ചിയുടെ കൂടെയാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ മുതൽ ആവേശത്തിലായിരുന്നു ഞാൻ. വേറെ പുതിയ പ്രോജക്ടുകളോന്നും ഇതുവരെ വന്നിട്ടില്ല. നല്ല സ്ക്രീൻ സ്‌പെയ്സുള്ള കഥാപാത്രങ്ങൾ വരുകയാണെങ്കിൽ ചെയ്യും.

j

റസിയ ഇന്നും ഒപ്പമുണ്ട്

ക്ലാസ്‌മേറ്റ്സിലെ റസിയ ഇപ്പോഴും എന്റെ കൂടെയുള്ള കഥാപാത്രമാണ്. ആരും ആ കഥാപാത്രത്തെ മറന്നിട്ടില്ല. ഒരുപാട് പേര് എന്നെ റസിയ എന്നാണ് വിളിക്കുന്നത്. രാധിക എന്നാണ് എന്റെ പേരെന്ന് പലർക്കും അറിയില്ല. സിനിമയിലെ സെറ്രിൽ കോസ്റ്റ്യൂം സിസൈൻ ചെയ്യുന്നവരിൽ പലരും എന്നെ റസിയ എന്നാണ് വിളിക്കാറ്. സിനിമയിൽ റസിയയ്ക്ക് രണ്ടു മുഖങ്ങളുണ്ട്. പട്ടണം ഷാജിക്കയും പട്ടണം റഷീദിക്കയും ശ്രീജിത്ത് ഗുരുവായൂരും ചേർന്നായിരുന്നു മേക്കപ്പ് ചെയ്തത്. പിന്നീട് പട്ടണം റഷീദിക്കയുടെ മേക്കപ്പ് ക്ലാസിനുവേണ്ടി റസിയയുടെ ഫോട്ടോസുണ്ടോയെന്ന് ചോദിച്ച് സിനിമയുടെ സ്റ്രിൽ ഫോട്ടോഗ്രഫർ ജയപ്രകാശ് പയ്യന്നൂർ എന്നെ വിളിച്ചിരുന്നു. അന്ന് സെൽഫിയുടെ കാലഘട്ടമല്ല, സിനിമയുടെ സ്റ്രില്ലുകളും ആരും തരാറുമില്ല. ഫോട്ടോകൾ ഇല്ലെന്ന് പറഞ്ഞപ്പോൾ ജയപ്രകാശ് പയ്യന്നൂരിന്റെ നേതൃത്വത്തിൽ വീണ്ടും റസിയയായി ഫോട്ടോഷൂട്ടും ഇന്റർവ്യൂവും നടത്തി. ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നു. റസിയയ്ക്ക് ഒരുമാറ്റവുമില്ലെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ റസിയയ്ക്ക് തടി കൂടിയിട്ടുണ്ട്.

ഭർത്താവ് അബിൽ കൃഷ്ണ. ദുബായിൽ അൽ ദാർ പ്രോപ്പർട്ടീസിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ റിയൽ ആൻഡ് സെയിൽസിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റാണ്. ഭയങ്കര ഫ്രണ്ട്ലിയാണ്, എല്ലാത്തിനും കൂടെക്കൂടുന്ന ഒരു ഭർത്താവാണ്. ജീവിതം ഇങ്ങനെ സുഗമമായി പോകുന്നു.