
നൂറ്റാണ്ടുകൾക്കു മുൻപുള്ള ചരിത്രസത്യങ്ങൾ, പുസ്തകങ്ങളിലൂടെ പുനർജനിക്കുമ്പോൾ പലപ്പോഴും അനുവാചകരിൽ കൗതുകം ജനിച്ചേക്കാം. എന്നാൽ അപൂർവം ചില ചരിത്ര പുസ്തകങ്ങൾ വായനക്കാരിൽ വിസ്മയവും ഉളവാക്കാറുണ്ട്. ചില സത്യങ്ങൾ ചിലപ്പോൾ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും. പാച്ചല്ലൂർ - സുകുമാരൻ രചിച്ച തണ്ടാൻ ചരിതം ഇതിനുദാഹരണമാണ്.
ഒരു ജീവിതകാലം മുഴുവൻ പത്രപ്രവർത്തനത്തിനുവേണ്ടി പ്രയത്നിച്ച പാച്ചല്ലൂർ സുകുമാരന്റെ ഏറെ ശ്രദ്ധേയമായ കൃതിയാണ് 'തണ്ടാൻ ചരിതം". സ്വന്തം സമുദായത്തെക്കുറിച്ച് ഒരു ചരിത്രപുസ്തകം രചിക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ അഭിലാഷമായിരുന്നു. അതിൽ അദ്ദേഹം ഏറെക്കുറെ വിജയിച്ചു എന്നു പറയാം. ഒരു കാലത്ത് സമൂഹത്തിൽ പ്രബലമായിരുന്ന ഒരു വലിയ സമുദായം പിൽക്കാലത്ത് സ്ഥാനം നഷ്ടപ്പെടുന്ന വിചിത്രമായ പരിണാമ ഘട്ടങ്ങളാണ് തണ്ടാൻ ചരിതത്തിൽ അനാവരണം ചെയ്യപ്പെടുന്നത്.
ആദ്യ അദ്ധ്യായത്തിൽ തണ്ടാൻ സമുദായത്തിന്റെ പൂർവികരായ ഊരാളന്മാർ ആരാണെന്നും അവരുടെ വംശ പരിണാമം ഏതേതുഘട്ടങ്ങളിലൂടെയാണ് കടന്നുവന്നതെന്നും രാജകുടുംബങ്ങളും സമൂഹത്തിലെ ഉന്നതരുമായും അവർ എപ്രകാരമാണ് ചേർന്നുനിന്നിരുന്നതെന്നും വിവരിച്ചിരിക്കുന്നു. ഒരു കാലത്ത് ഉന്നതാധികാരമുണ്ടായിരുന്ന ഒരുവർഗം (ക്ലാസ്) പിൽക്കാലത്ത് ഏതു വിധത്തിലാണ് സർക്കാരിന്റെ പ്രത്യേക പട്ടികകളിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടവരായി മുഖ്യധാരയിൽ നിന്ന്, താഴ്ന്ന അവസ്ഥയിലേക്ക് മാറ്റപ്പെട്ടു എന്ന് ഈ ചരിത്രപുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
തണ്ടാൻ സമുദായത്തിന്റെ ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ, ജീവിതരീതികൾ എന്നിവ വിശദമായി പരിശോധിച്ചിരിക്കുന്നു. കൂടാതെ തച്ചർ എന്ന വിഭാഗത്തിന്റെ ഉത്പത്തിയെയും പരാമർശിച്ചിരിക്കുന്നു.
സർക്കാരിന്റെ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തണ്ടാൻ സമുദായത്തിന്റെ സ്ഥാനമെന്താണെന്നും വിവരിക്കുന്നു. അതേ പോലെ കേരള തണ്ടാൻ സർവീസ് സൊസൈറ്റി, തണ്ടാൻ അസോസിയേഷൻ, തച്ചർ സർവീസ് സൊസൈറ്റി തുടങ്ങിയ സമുദായ സംഘടനകളെക്കുറിച്ചും അവയുടെ സമുദായം കടന്നുവന്ന ഓരോ ഘട്ടത്തെയും ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നു. ഈ പുസ്തകം എഴുതിയിരിക്കുന്നത് ലാളിത്യത്തിന്റെ ഭാഷയിലാണ്. എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ് പുസ്തകരചന. ചരിത്രവിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനമുള്ള ഒരു 'ഹാൻഡ്ബുക്കി"ന്റെ ഘടനയാണ് പുസ്തകത്തിന്.
(ലേഖകന്റെ ഫോൺ നമ്പർ: 9447141018)