
ചരിത്രം ഉറങ്ങുന്ന ഇംഗ്ളണ്ടിലെ പ്രശസ്തമായ കാന്റബറി നഗരം. പത്തു മിനിറ്റ് കാർ യാത്രയിൽ എെലേഷാം എന്ന അതിസുന്ദരമായ കുഞ്ഞൻ ഗ്രാമത്തിൽ എത്താം. യൂറോപ്യൻ ശൈലിയുടെ ഗമ അറിയിച്ചു തല ഉയർത്തി നിൽക്കുന്ന വീടുകൾ കണ്ടാൽ ആരും നോക്കി പോവും. വീട്ടുകാരിൽ അധികംപേരും ഇംഗ്ളീഷുകാർ.ഇവിടെയാണ് എൺപതുകളിൽ മലയാളത്തിന്റെ റൊമാന്റിക് സൂപ്പർ നായകനായി തിളങ്ങിയ ശങ്കർ കുടുംബസമേതം താമസിക്കുന്നത്. അതിഥിയായി എത്തി ശങ്കർ യു.കെ പൗരത്വം സ്വീകരിച്ചിട്ട് അഞ്ചു വർഷം.തമിഴിൽ ഒരു തലൈരാഗത്തിൽ രാജയായും മലയാളത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പ്രേം കൃഷ്ണനായും ഒരേ വർഷം എത്തി ചരിത്ര വിജയം നേടിയ നായകനെ ഇന്നും നമ്മൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഒറ്റപ്പാലം അമ്പലപ്പാറ കൊല്ലത്തുവീട്ടിൽ രാമൻകുട്ടി പണിക്കരുടെയും തൃശൂർ കേച്ചേരി തെക്കേവീട്ടിൽ സുലോചന പണിക്കരുടെയും മൂത്ത മകൻ വെള്ളിത്തിരയിൽ എത്തിയപ്പോൾ പ്രേക്ഷക പ്രീതിയിൽ നായകൻ പ്രണയകഥകളുടെ രാജാവായി മാറിയത് ഇപ്പോഴും വർത്തമാനം പറച്ചിലാകുന്നു.
പൃഥ്വിരാജ് ചിത്രം ഭ്രമത്തിൽ ഉദയ് എന്ന പഴയകാല നായകനടനായി എത്തി ശങ്കർ തിരിച്ചുവരവ് നടത്തിയപ്പോഴും പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചു.പ്രഭുദേവയെ നായകനാക്കി ആർ.എസ് . വിമൽ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് ശങ്കർ എത്തുന്നത്.മുപ്പത്തിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ശങ്കർ നിർമ്മാതാവാകുന്ന 'എഴുത്തോല'  ഏപ്രിലിൽ ആരംഭിക്കും.സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയും ഈ വർഷം. നാലു പതിറ്റാണ്ട് പിന്നിടുന്ന അഭിനയയാത്രയുടെ വിശേഷങ്ങളിൽ ശങ്കർ.
ഹെയർ സ്റ്റൈൽ മാറ്റരുത് !
1983 മുതൽ 86 വരെയാണ് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത്. 1986ൽ 38 സിനിമകളിൽ അഭിനയിച്ചു.എല്ലാം സൂപ്പർ ഹിറ്റുകൾ. സമയമില്ലാഞ്ഞിട്ടും സിനിമ ചെയ്തു. റൊമാന്റിക് നായകനായാണ് അധികവും അഭിനയിച്ചത്. ഞാൻ വരുമ്പോൾ ആളുകൾ അങ്ങനെയേ കാണൂ. ഹെയർ സ്റ്റൈൽ മാറ്റി പൊലീസ് വേഷം ചെയ്തപ്പോൾ എന്തിന് മുടി വെട്ടി എന്ന് ചോദിച്ച് കത്ത് വന്നു. സിനിമയെക്കുറിച്ച് ഒന്നും അറിയാത്ത പ്രായത്തിലാണ് ഒരു തലൈ രാഗത്തിലും മഞ്ഞിൽവിരിഞ്ഞ പൂക്കളിലും നായകനായി അഭിനയിക്കുന്നത്. ഉപദേശം തരാൻ ആരുമില്ല. രണ്ട് സിനിമകളും വലിയ വിജയംനേടി.400 ദിവസമാണ് തമിഴ് നാട്ടിലെ തിയേറ്ററുകളിൽ ഒരു തലൈ രാഗം ഒാടിയത്. മഞ്ഞിൽവിരിഞ്ഞപ്പൂക്കൾ 150 ദിവസവും ഒാടി. രണ്ട് സിനിമകളും ഒരു രാത്രി കൊണ്ട് എന്നെ വലിയ താരമാക്കി മാറ്റി.റൊമാന്റിക് വേഷങ്ങൾ മാത്രം ചെയ്തതോടെ സിനിമയോട് മടുപ്പ് തോന്നി.തുടക്കംതന്നെ റൊമാന്റിക് ഇമേജ് വീണു. അതിലൂടെ തന്നെ സഞ്ചരിക്കേണ്ടിവന്നു. വന്നതെല്ലാം റൊമാന്റിക് നായകവേഷങ്ങൾ.ഇരുപത്തിരണ്ടാം വയസിലാണ് സിനിമയിൽ വരുന്നത്.പിന്നീട്എന്റെ റൊമാൻസ് ചിന്തകൾ മാറി. അപ്പോഴും റൊമാന്റിക് വേഷം വേണമെന്നാണ് ആളുകളുടെ ആഗ്രഹം.ഏറെ ആസ്വദിച്ചു തന്നെ റൊമാന്റിക് വേഷങ്ങൾ ചെയ്തു.പ്രതിനായക വേഷത്തിൽ വില്യംസിന്റെ ഹലോ മദ്രാസ് ഗേൾ, കാളിയമർദ്ദം, പ്രിയന്റെ പറയാനും വയ്യ പറയാതിരിക്കാനും വയ്യ, കോമഡി വേഷങ്ങളിൽ പൂച്ചയ്ക്കൊരുമുക്കൂത്തി, ഒാടരുതമ്മാവാ ആളറിയാം, ഒന്നാനാം കുന്നിൽ ഒാരടി കുന്നിൽ, അരം + അരം = കിന്നരം എന്നീ ചിത്രങ്ങളിൽ തിളങ്ങി.വേറിട്ട വേഷങ്ങളിൽ എത്താൻ ശ്രമിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടും പ്രേക്ഷകർ എന്നെ റൊമാന്റിക് നായകനായി മാത്രം കണ്ടു. മിക്ക നടൻമാർക്കും ഇത് സംഭവിക്കാറുണ്ട്. എന്നാൽ ചിലർ പുറത്തുകടന്ന് വ്യത്യസ്ത വേഷം ചെയ്തു, വിജയം നേടി കേറി പിടിച്ചു പോയി. എനിക്ക് അങ്ങനെ സിനിമ വന്നില്ല.

ഇന്നത്തെ തലമുറ സ്മാർട്ട്
ഒരു തലൈരാഗം വലിയ വിജയം നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. വിളിക്കുന്നവരെല്ലാം പ്രശസ്തരായ സംവിധായകർ. അന്നത്തെ കാലത്ത് കഥ ചോദിക്കുന്ന രീതിയില്ല. സംവിധായകൻ ആരെന്നു മാത്രം നോക്കും.ഒരുപാട് സിനിമകളിൽ നായകനായി അഭിനയിച്ചു. വലിയ നടനായി എന്ന് തോന്നിയില്ല. ഉയർച്ചയും താഴ്ചയും ഉണ്ടായി. പ്രതീക്ഷാതെ ദൈവം നല്ല സമയം തന്നതു പോലെ ചീത്ത സമയവും തന്നു. പന്ത്രണ്ടുവർഷം നായകനായി തിളങ്ങി.അതു നല്ല സമയം.
1992 വരെ മലയാളത്തിലും തമിഴിലും നായകനായും പ്രധാന കഥാപാത്രമായും നിരവധി സിനിമകൾ. മലയാളത്തിലാണ് കൂടുതൽ സിനിമ ചെയ്തത്.അന്ന് പതിനഞ്ചുദിവസം കൊണ്ട് സിനിമ തീരും. പതിനാലോ പതിനഞ്ചോ ദിവസം മതി നായകന്റെ ഡേറ്റ്. പിന്നെ അടുത്ത സിനിമ. ഇപ്പോൾ ഒരു സിനിമ കഴിഞ്ഞാൽ മാത്രമേ നായകൻ അടുത്തതിലേക്ക് പോവും. റിലീസ് കാര്യത്തിൽ വരെ ശ്രദ്ധിക്കുന്നു. അത് നല്ലതാണ്. ഭാവിയുടെ കൂടി കാര്യമാണ്. പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുമ്പോൾ അത് വിലയിരുത്തുന്നത് ശ്രദ്ധയോടെയാകണം. ഇന്ന് സിനിമയും മാറി. സാവധാനമേ സിനിമ തിയേറ്ററുകളിൽ എത്തുകയുള്ളു.ഇന്നത്തെ യുവതലമുറയിലെ നടൻമാർ എല്ലാവരും സ്മാർട്ടാണ്. ഒരു ചിത്രം വിജയിച്ചാൽ അടുത്ത സിനിമയുടെ സംവിധായകൻ ആരെന്ന് നോക്കും.സിനിമയിൽ മാറിമാറി വേഷം ചെയ്യണം. ഇപ്പോൾ വരുന്നവർക്ക് അതിന് സാധ്യത കൂടുതലാണ്. അവർ അത് ഭംഗിയായി നിറവേറ്റുന്നു. പിന്നെ ഭാഗ്യം പ്രധാന ഘടകമാണ്.
ആഗ്രഹിച്ചത് ക്രിക്കറ്റ് കളിക്കാരനാകാൻ
കേച്ചേരിയിലാണ് ജനിച്ചത്. പഠിച്ചതും വളർന്നതും ചെന്നൈയിൽ. സെന്റ് ബീഡ്സ് ആംഗ്ളോ ഇന്ത്യൻ സ്കൂളിൽ പഠനം. പഠിക്കാൻ അത്ര മിടുക്കനല്ലായിരുന്നു. ക്രിക്കറ്റ് കളിക്കാരനാവാനായിരുന്നു ആഗ്രഹം.സിനിമാ നടനാകണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചില്ല. എം.ജി. ആറിന്റെയും ശിവാജി ഗണേശന്റെയും കടുത്ത ആരാധകനായിരുന്നു. പിൽക്കാലത്ത് കമൽഹാസന്റെ . അച്ഛന്റെ ജോലിയുടെ ആവശ്യാർത്ഥം കുറച്ചു നാൾ ഋഷികേശിൽ താമസിച്ചു. അവിടെവച്ച് ഷൂട്ടിംഗ് കാണുകയും നടൻമാരെ പരിചയപ്പെടുകയും ചെയ്തതോടെ സിനിമയോട് താത്പര്യം തോന്നി. സിനിമയിലേക്ക് എനിക്ക് വരാനുള്ള ഏക മാർഗം ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മാത്രമാണെന്ന് ബോദ്ധ്യമായി. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ ചേർന്നു. കോഴ്സ് പൂർത്തിയാകുംമുൻപേ ഒരു തലൈ രാഗത്തിൽ അഭിനയിക്കാൻ അവസരം. സിനിമയിൽ അഭിനയിക്കുന്നത് അമ്മയ്ക്ക് താത്പര്യമില്ലായിരുന്നു. ഒന്നുരണ്ടുവർഷം നോക്കുവെന്നും എന്നിട്ട് തീരുമാനിക്കാമെന്നും അച്ഛൻ. സിനിമയിൽ എത്തിയിട്ട് നാല്പപത്തി രണ്ട് വർഷം. ഇരുനൂറിലധികം സിനിമകൾ. എപ്പോഴോ സിനിമ വേണ്ട എന്ന തീരുമാനത്തിൽ എത്തി. ഇടവേള ആവശ്യമാണെന്നും അത് കഴിഞ്ഞ് മതി എന്നും തീരുമാനിച്ചു. പിന്നെ സിനിമകൾ കുറഞ്ഞു. ഇടയ്ക്ക് വന്ന് ചെയ്തു. അഞ്ചുവർഷംമുൻപ് വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിലാണ് ഭ്രമത്തിന് മുൻപ് അഭിനയിച്ചത്.ഇടവേളയില്ലാതെ ഇനി, സിനിമ ചെയ്യാനാണ് തീരുമാനം.

ചിത്രാലക്ഷ്മിയും ദക്ഷിണയും
ഭാര്യ ചിത്രാലക്ഷ്മി. ദക്ഷിണ ഒഫ് ദ യു.കെ എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുന്നു. പന്ത്രണ്ട് സ്കൂളുകളുണ്ട്. ഇരുപത്തിരണ്ടുവർഷമായി ചിത്ര യു.കെയിൽ എത്തിയിട്ട്.ഒറ്റപ്പാലമാണ് നാട്. നൃത്ത വിദ്യാലയത്തിന്റെ തിരക്കിൽ ചിത്ര. റെസ്റ്റോറന്റ് ബിസിനസിന്റെ തിരക്കിൽ ഞാൻ.ഭക്ഷണ വിതരണ ശ്യംഖലയും നടത്തുന്നു.മാളുകളിൽ പോവുമ്പോൾ മലയാളികളെ കാണാറുണ്ട്. അവർ വന്നു ഫോട്ടോ എടുക്കും. സിനിമയിൽ അഭിനയിക്കണമെന്ന് സ് നേഹത്തോടെ പറയും.ആ തലമുമറയ്ക്ക് ഞാൻ റൊമാന്റിക് നായകനാണല്ലോ.
25 സിനിമകളിൽ 
ശങ്കർ- മേനക ജോഡി
സൂപ്പർ ഹിറ്റ് താര ജോഡികളായിരുന്നു ശങ്കർ- മേനക. 25 സിനികളിലാണ് ശങ്കറും മേനകയും നായകനും നായികയുമായത്. ശങ്കർ - അംബിക ജോഡിയും സൂപ്പർ ഹിറ്റ്. ഗുഹ, പൂച്ചയ്ക്കൊരു മൂക്കുത്തി, ഒാടരുതമ്മാവാ ആളറിയാം, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, മുത്തോട് മുത്ത്, അർച്ചന ആരാധന ( അംബികയും നായിക) അയൽവാസി ഒരു ദരിദ്രവാസി, മുഖ്യമന്ത്രി , സമ്മേളനം തുടങ്ങിയ ചിത്രങ്ങളിൽ മേനക നായികയായി അഭിനയിച്ചു. ഭ്രമം എന്ന ചിത്രത്തിലും മേനക നായിക. ചേക്കേറാനൊരു ചില്ല, ഈറ്റപ്പുലി, മറക്കില്ലൊരിക്കലും , ഒരു നോക്ക് കാണാൻ ( മേനകയും നായിക) പൂവിരിയും പുലരി തുടങ്ങിയ ചിത്രങ്ങളിൽ ശങ്കർ- അംബിക ജോഡി.