
ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചേക്കും. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പി.എൽ.ഐ)യുടെ ഭാഗമായാണ് ഇക്കാര്യം പരിഗണിക്കുന്നത്. അതേസമയം, 2020ൽ നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് ഇത് ബാധകമാവില്ലെന്നാണ് റിപ്പോർട്ടുകൾ.
പി.എൽ.ഐ പദ്ധതികളുടെ വിജയം ചൈനീസ് വ്യവസായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ഇളവ് അനുവദിക്കാതെ മുന്നോട്ടുപോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിനെതുടർന്നാണ് പുതിയ നീക്കം. പി.എൽ.ഐ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്ക് ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേയ്ക്ക് അവരുടെ നിർമ്മാണ യൂണിറ്റുകൾ മാറ്റുന്നതിന് അനുബന്ധ സ്ഥാപനങ്ങളുടെ നിക്ഷേപം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്.