
ന്യൂഡൽഹി: തലശേരിയിൽ ഇന്ന് പുലർച്ചെ സിപിഎം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരമാണ്. നിഷ്‌കളങ്കരായ ആളുകൾ കൊലചെയ്യപ്പെടുന്നത് നിർഭാഗ്യകരമാണ്. ഇത്തരം കൊലപാതകങ്ങൾ ജനങ്ങളുടെ ആത്മവിശ്വാസം തകർക്കും. പ്രതികളെ ഉടനെ പിടികൂടുകയും ഇത്തരം കേസുകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കുകയും വേണം. കൊലപാതകത്തിന്റെ ഔദ്യോഗിക വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഗവർണർ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അറിയിച്ചു.
ഹരിദാസിന്റെ മൃതദേഹം തലശേരി പുന്നോലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പാർട്ടി ഓഫീസുകളിലും വിവിധ കേന്ദ്രങ്ങളിലും പൊതുദർശനത്തിന് വച്ച ശേഷമാണ് 5.30 ഓടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. എംഎൽഎ എ.എൻ ഷംസീറും പാർട്ടി പ്രവർത്തകരുമടക്കം വൻ ജനപങ്കാളിത്തത്തോടെയാണ് സംസ്‌കാരം നടന്നത്. കൊലപാതകത്തെ തുടർന്ന് തലശേരിയിൽ കനത്ത ജാഗ്രതയിലാണ് പൊലീസ്. അതേസമയം കൊലപാതകത്തിൽ ഏഴ് പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ ബിജെപി കൗൺസലറുമുണ്ട്. ജോലി കഴിഞ്ഞ് മടങ്ങി വരവെ പുലർച്ചെ ഒരുമണിയോടെയാണ് ഹരിദാസ് വധിക്കപ്പെട്ടത്.