
ലണ്ടൺ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഒന്നാം പാദ പോരാട്ടത്തിൽ ഇന്ന് രാത്രി നിലവിലെ ചാമ്പ്യൻമാരായ ചെൽസി ഫ്രഞ്ച് ക്ലബ് ലില്ലെയേയും മുൻ ചാമ്പ്യൻമാരായയ യുവന്റ്സ് വിയ്യാറയലിനേയും നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 1.30 മുതലാണ്.
ചെൽസി - ലില്ല
ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് ലില്ലെയുമായുള്ള പോരാട്ടം. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ഇരുടീമും മുഖാമുഖം വന്നത് ഒരേ ഒരു തവണയാണ്. 2019-20 ലെ ഗ്രൂപ്പ് ഘട്ടത്തിൽ. അന്ന് രണ്ട് പാദത്തിലും ചെൽസി ജയിച്ചു.ക്രിസ്റ്റൽ പാലസിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ 1-0ത്തിന്റെ ജയം നേടിയാണ് ചെൽസി ലില്ലെയെ നേരിടാനിറങ്ങുന്നത്. ഹക്കിം സിയാക്കാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. കഴിഞ്ഞയിടെ ക്ലബ് ലോകകപ്പ് കിരീടവും സ്വന്തമാക്കിയ ചെൽസി മികച്ച ആത്മ വിശ്വാസത്തിലാണ്.
അതേസമയം മറുവശത്ത് നിലവിലെ ഫ്രഞ്ച് ചാമ്പ്യൻമാരായ ലില്ലെ സമീപ കാലത്ത് ആത്ര ഫോമിലല്ല. ലീഗ് വണ്ണിൽ 11-ാം സ്ഥാനത്തേക്ക് വീണ അവർ കഴിഞ്ഞ ദിവസം മെർറ്റ്സിനെതിരെ ഗോൾ രഹിത സമനിലയിൽ കുരുങ്ങിയതിന്റെ ക്ഷീണവുമായാണ് ചെൽസിയെ നേരിടുന്നത്.
വിയ്യാറയൽ - യുവന്റസ്
വിയ്യാറയലിന്റെ തട്ടകത്തിലാണ് മത്സരം. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇതാദ്യമായാണ് വിയ്യാറയലും യുവന്റസും മുഖാമുഖം വരുന്നത്. കഴിഞ്ഞ ദിവസം ഗ്രനാഡയെ 4-1ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് വിയ്യാറയൽ യുവന്റസിനെതിരെ ബൂട്ട് കെട്ടുന്നത്. അവസാനം കളിച്ച ഏഴ് മത്സസരങ്ങളിലും തോൽവി അറിയാതെയാണ് യുവന്റസിന്റെ വരവ്. പരിക്കിന്റെ പിടിയിലായ ബെനൂച്ചി, കെല്ലിനി,കിയേസ,റൂഗാനി തുടങ്ങിയ പ്രമുഖരുടെ സേവവനം വിയ്യാറയലിനെതിരെ യുവന്റസിന് ലഭിക്കില്ല.
ലൈവ്: രാത്രി 1.30 മുതൽ സോണി ചാനലുകളിലും സോണിലൈവിലും.