jhingan

തിലക് മൈതാൻ: കേരള ബ്ളാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധങ്ങളെ തുടർന്ന് സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒഴിവാക്കി മുൻ ബ്‌ളാസ്റ്റേഴ്സ് താരവും ദേശീയ ഫുട്ബാൾ ടീം അംഗവുമായ സന്ദേശ് ജിംഗാൻ. എ ടി കെ മോഹൻ ബഗാൻ പ്രതിരോധ നിര താരമായ സന്ദേശ് കഴിഞ്ഞ ദിവസം ബ്‌ളാസ്റ്റേഴ്സുമായി നടന്ന മത്സരത്തിനു ശേഷം ക്ളബിനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്നാരോപിച്ച് ആരാധക‌ കൂട്ടായ്മയായ മഞ്ഞപ്പട രംഗത്ത് വന്നിരുന്നു. ഇതിന് ശേഷം ജിംഗാന്റെ ഇൻസ്റ്റാഗ്രാം പേജ് കൂട്ടത്തോടെ അൺഫോളോ ചെയ്ത ബ്‌ളാസ്റ്റേഴ്സ് ആരാധകർ താരത്തെ കഠിനമായ ഭാഷയിൽ വിമ‌ർശിച്ചിരുന്നു. പിറ്റേദിവസം ജിംഗാൻ വിശദീകരണവുമായി രംഗത്ത് വന്നെങ്കിലും പേജ് അൺഫോളോ ചെയ്യുന്നത് തുടർന്ന് കൊണ്ടിരുന്നു. ഇതിന് ശേഷം ഇന്ന് വൈകുന്നേരത്തോടെയാണ് താരത്തിന്റെ പേജ് അപ്രത്യക്ഷമായത്.

ജിംഗാൻ തന്നെ പേജ് ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നു. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെയായും ഇതിന് വിശദീകരണം ലഭിച്ചിട്ടില്ല. ഇന്ന് ഉച്ചയോട് കൂടിയാണ് ജിംഗാൻ തന്റെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത്. ഏകദേശം ഇരുപതിനായിരത്തോളം ഫോളോവേഴ്സിന്റെ കുറവ് വന്നതിനെ തുടർന്നാണ് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തതെന്ന് കരുതുന്നു.

കേരളാ ബ്‌ളാസ്റ്റേഴ്സിനെതിരായ മത്സരത്തിന് ശേഷം തങ്ങൾ കളിച്ചത് പെൺകുട്ടികളുമായാണ് എന്ന് ധ്വനി വരുന്ന പരാമ‌ർശം ജിംഗാൻ നടത്തിയിരുന്നു. ഇത് എ ടി കെ മോഹൻ ബഗാൻ അവരുടെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ രൂപേണ ഇടുകയും ചെയ്തു. ഇതിന് ശേഷമാണ് ജിംഗാനെതിരെ പ്രതിഷേധം കനത്തത്. ബ്‌ളാസ്റ്റേഴ്സ് മുൻ താരമായിരുന്ന ജിംഗാൻ ക്ളബ് വിട്ടപ്പോൾ താരത്തിന്റെ 21 ാം നമ്പർ ജേഴ്സി ടീം പിൻവലിച്ചിരുന്നു. ഇപ്പോൾ അത് മടക്കികൊണ്ട് വരണമെന്നാണ് ആരാധകരുടെ ആവശ്യം.