australia

കാൻബെറ : രണ്ട് വർഷത്തോളം നീണ്ട അടച്ചിടലിന് ശേഷം അന്താരാഷ്ട്ര അതിർത്തികൾ ആദ്യമായി തുറന്ന് ഓസ്ട്രേലിയ. നിയന്ത്രണങ്ങൾ കാരണം രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയാതിരുന്ന പ്രിയപ്പെട്ടവരെ വരവേൽക്കാനായി കാത്തുനിൽക്കുന്നവർ ഇന്നലെ ഓസ്ട്രേലിയൻ എയർപോർട്ടുകളിലെ പ്രധാന കാഴ്ചയായിരുന്നു. ടൂറിസ്റ്റുകൾക്കും ഇനി രാജ്യത്തേക്കെത്താം. രണ്ട് ഡോസ് വാക്സിനെടുത്ത ടൂറിസ്റ്റുകൾക്കും വിസയുള്ളവർക്കുമാണ് ഓസ്ട്രേലിയയിൽ പ്രവേശനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ, ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാം. 2020 മാർച്ച് മുതലാണ് ഓസ്ട്രേലിയയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. രണ്ട് ഡോസ് വാക്സിനേറ്റഡായിട്ടുള്ളവർക്ക് ക്വാറന്റൈനിന്റെ ആവശ്യമില്ല. എന്നാൽ, വാക്സിനെടുത്തിട്ടില്ലാത്തവർ 14 ദിവസം അവരുടെ ചിലവിൽ ഹോട്ടൽ ക്വാറന്റൈന് വിധേയമാകണം. 50 ഓളം അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്നലെ ഓസ്ട്രേലിയയിൽ ലാൻഡ് ചെയ്തത്. പടിഞ്ഞാറൻ ഓസ്ട്രേലിയ ഒഴികെയുള്ള എല്ലാ ഭാഗങ്ങളിലും സഞ്ചാരികൾക്ക് പ്രവേശിക്കാം. മാർച്ച് മൂന്ന് വരെ ഇവിടം അടഞ്ഞു കിടക്കും.