donkey-stealed

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ കഴുതയെ ഉഫയോഗിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച കോൺഗ്രസ് നേതാവ് മോഷണക്കേസിൽ അറസ്റ്റിൽ. തെലങ്കാനയിലെ എൻ.എസ്.യു.ഐ അദ്ധ്യക്ഷൻ വെങ്കട്ട് ബാൽമൂർ ആണ് കഴുതയെ മോഷ്ടിച്ചെന്ന കേസിൽ അറസ്റ്റിലായത്.

മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കഴുതയുടെ ശരീരത്തിൽ ചന്ദ്രശേഖർ റാവുവിന്റെ ചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് കെ. ചന്ദ്രശേഖർ റാവുവിന്റെ ഭരണകാലത്ത് തൊഴിലവസരങ്ങൾ കുറയുന്നെന്ന് ആരോപിച്ചാണ് സതവാഹന സർവകലാശാലയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ജമ്മികുന്ദ പൊലീസ് സ്‌റ്റേഷനിൽ തങ്കുദൂരി രാജ്കുമാറാണ് തന്റെ കഴുത മോഷണം പോയെന്ന് പരാതിപ്പെട്ടത്. വെങ്കട്ടിനും മറ്റ് ആറ് പേർക്കുമെതിരെയാണ് കേസ്.

അധികാരം തലയ്ക്കുപിടിച്ചതാണ് ഇത്തരം നടപടിയെടുക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ വിമർശിച്ചു. തെലങ്കാന പി.സി.സി അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയും അറസ്റ്റിനെതിരെ രംഗത്തെത്തി.