
വാഷിംഗ്ടൺ: യുക്രെയിനിൽ ആക്രമണം നടത്താതിരുന്നാൽ മാത്രമേ റഷ്യയുമായി ചർച്ചയുളളുവെന്ന് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഏതെങ്കിലും തരത്തിലെ ചർച്ചകൾ നടത്തുന്നതിനെ റഷ്യയും തളളി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിൽ ഏറ്റവുമധികം ആശങ്കയുയർത്തുന്ന തർക്കമാണ് ഇപ്പോൾ റഷ്യയും യുക്രെയിനും തമ്മിലുളളത്. അതിനാൽ ജി7 രാജ്യങ്ങളുമായി ചർച്ച ചെയ്‌ത് പ്രശ്‌നത്തിൽ നിലപാടെടുക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട് അമേരിക്ക.
റഷ്യ-യുക്രെയിൻ അതിർത്തിയിലെ തങ്ങളുടെ സൈനിക പോസ്‌റ്റ് യുക്രെയിൻ നടത്തിയ ഷെൽ ആക്രമണത്തിൽ തകർന്നതായി റഷ്യ വ്യക്തമാക്കി. ഇന്ന് രാവിലെ 9.50നാണ് ആക്രമണമുണ്ടായതെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും റഷ്യ അറിയിച്ചു. അതേസമയം തങ്ങൾ ഷെൽ ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയിൻ അറിയിച്ചു.
യുക്രെയിനിയൻ ആക്രമണത്തിന് പ്രതികാരമായി അഞ്ച് യുക്രെയിനിയൻ സൈനികരെ വധിച്ചതായി റഷ്യ അറിയിച്ചു. ജനുവരി 30ഓടെ യുക്രെയിനിന്റെ അതിർത്തിയിൽ 1,50,000 സൈനികരെ റഷ്യ വിന്യസിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാൽ യുക്രെയിനെ ആക്രമിക്കാൻ പദ്ധതിയില്ലെന്നാണ് ഇതുവരെ റഷ്യ വ്യക്തമാക്കിയത്. റഷ്യ- യുക്രെയിൻ പ്രതിസന്ധി നിലവിൽ വിവിധ ലോകരാജ്യങ്ങൾ വളരെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.