
കൽപ്പറ്റ: വയനാട് വെള്ളമുണ്ട കണ്ടത്തുവയലിൽ നവദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ് (48) ജില്ലാ സെഷൻസ് കോടതി ജഡ്ജി വി. ഹാരിസ് വധശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിന് 10 ലക്ഷം രൂപ പിഴയും കവർച്ചയ്ക്ക് ഏഴുവർഷം കഠിന തടവും ഭവനഭേദനത്തിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 7 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
2018 ജൂലായ് ആറിനായിരുന്നു ഇരട്ടക്കൊലപാതകം. വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ തുമ്പൊന്നും ലഭിക്കാതിരുന്ന കേസ് മാനന്തവാടി ഡിവൈ.എസ്.പിയായിരുന്ന കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്. മോഷ്ടിച്ച മൊബൈൽ ഫോൺ പ്രതിയുടെ ഭാര്യ ഉപയോഗിച്ചതാണ് കൊലയാളിയെ കണ്ടെത്താൻ സഹായകമായത്.
മോഷണശ്രമം ചെറുത്തപ്പോഴായിരുന്നു കൊലപാതകം. വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടുണർന്ന ഉമ്മറിനെയും ഫാത്തിമയെയും കമ്പിവടികൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഫാത്തിമയുടെ ആഭരണങ്ങളും മൊബൈൽ ഫോണുമായി രക്ഷപ്പെട്ടു.
2018 സെപ്തംബറിൽ പ്രതിയെ പിടികൂടി. 72 സാക്ഷികളാണ് ഉണ്ടായിരുന്നത്. കേസിൽ വിശ്വനാഥൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.