
ലോക ഒന്നാം നമ്പർ താരം മാഗ്നസ്
കാൾസണെ കീഴടക്കി താരമായി
ഇന്ത്യൻ കൗമാര ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ
ചെന്നൈ : നിലവിലെ ലോക ചെസ് ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ മാഗ്നസ് കാൾസണെ തോൽപ്പിച്ച് ഇന്ത്യയുടെ കൗമാര ഗ്രാൻഡ് മാസ്റ്റർ പതിന്നാറുകാരൻ ആർ. പ്രഗ്നാനന്ദ കായിക ലോകത്തെ തന്നെ ഞെട്ടിച്ചു.
എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിലാണ് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ കാൾസണ് ചെക്ക് പറഞ്ഞത്. എട്ടാം റൗണ്ടിൽ 39 നീക്കങ്ങൾക്കൊടുവിൽ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദയോട് കാൾസൺ അടിയറവ് പറയുകയായിരുന്നു. തുടർച്ചയായി മൂന്ന് വിജയങ്ങളുമായാണ് അഞ്ച് തവണ ലോകചാമ്പ്യനായ കാൾസൺ പ്രഗ്നാനന്ദയെ നേരിട്ടത്. ടൂർണമെന്റിൽ പ്രഗ്നാനന്ദയുടെ രണ്ടാം ജയമാണിത്.
8 റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ രണ്ട് ജയവും രണ്ട് സമനിലയും നാല് തോൽവിയുമാണ് പ്രഗ്നാനന്ദയുടെ സമ്പാദ്യം.
ഇത്തവണ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാൾസണോട് തോറ്റ റഷ്യൻ താരം നിപ്പോമ്നിയാഷിയാണ് ടൂർണമെന്റിൽ മുന്നിട്ടു നിൽക്കുന്നത്. 19 പോയിന്റാണ് താരത്തിനുള്ലത്. 16 താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ടിൽ 15 മത്സരങ്ങളുണ്ട്.
പ്രഗ്നാനന്ദയുടെ വിശേഷങ്ങൾ
ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് പ്രഗ്നാനന്ദ.
2005 ആഗസ്റ്റ് 10 നാണ് ജനനം. സഹോദരി വൈശാലി.
ഗ്രാൻഡ് മാസ്റ്ററായ വൈശാലിയാണ് ചെസിലേക്ക് പ്രഗ്നാനന്ദയെ നയിച്ചത്. ചേച്ചി തന്നെയാണ് ഗുരു.
ഏഴാം വയസിൽ തന്നെ ലോക യൂത്ത് ചെസ് കിരീടം നേടി.
മാഗ്നസ് കാൾസണെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മൂന്നാമത്തെ ഇന്ത്യക്കാരനും.
ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ് മാസ്റ്റർ ആണ് പ്രഗ്നാനന്ദ.
2018 ജൂലൈയിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുമ്പോൾ പ്രഗ്നാനന്ദയ്ക്ക് 12 വയസ്സും 10 മാസവും 13 ദിവസുമായിരിന്നു പ്രായം.