
പത്തനംതിട്ട: കൊലപാതകം കൊണ്ട് സി.പി.എമ്മിനെ തകർക്കാനാവില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സംസ്ഥാനത്ത് അക്രമ പരമ്പര നടപ്പിലാക്കുകയാണ് ആർ.എസ്.എസെന്നും കോടിയേരി കുറ്റപ്പെടുത്തി. പി.ബി. സന്ദീപ് കുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറൽ ചടങ്ങിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം
ആർ.എസ്.എസ് കൊലക്കത്തിയുടെ ഒടുവിലത്തെ ഇരയാണ് ഹരിദാസ്. .സി.പി.എം അക്രമത്തിലോ കൊലപാതകത്തിലോ വിശ്വസിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. കൊലപാതകങ്ങൾ കൊണ്ട് പാർട്ടിയെ തകർക്കാൻ കഴിയില്ല. അങ്ങനെ എങ്കിൽ സി.പി.എം കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. അക്രമം കൊണ്ട് പാർട്ടിയെ തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് കഴിയില്ല. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഉത്തർപ്രദേശിലെ നയം കേരളത്തിൽ നടക്കില്ല. ബി.ജെ.പിക്കാരെ ഒറ്റപ്പെടുത്തണം. ബി.ജെ.പിക്കാർ ഇല്ലാത്ത സമൂഹമാക്കുകയാണ് രക്തസാക്ഷികളോട് കാണിക്കാവുന്ന നീതി. എസ്.ഡി.പി.ഐക്കാരും ആർ.എസ്.എസും ചേർന്ന് സംസ്ഥാനത്ത് അക്രമങ്ങൾക്ക് മൂർച്ച കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.