russia-ukraine

മോസ്കോ : യുക്രെയിൻ നടത്തിയ ഷെല്ലാക്രമണത്തിൽ അതിർത്തിയിലെ തങ്ങളുടെ സൈനിക പോസ്റ്റ് തകർന്നെന്ന് ആരോപിച്ച് റഷ്യ രംഗത്ത്. ഇന്നലെ രാവിലെ പ്രാദേശിക സമയം 9.50 ഓടെ റോസ്റ്റവ് മേഖലയിൽ അതിർത്തിയിൽ നിന്ന് 150 മീറ്റർ അകലെയുള്ള റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഉപയോഗിച്ചിരുന്ന സൈനിക നിർമ്മിതി തകർന്നതായാണ് റഷ്യയുടെ വാദം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയിൻ പ്രതികരിച്ചു.

സംഘർഷ സാദ്ധ്യതയ്ക്ക് മൂർച്ച കൂട്ടാനായി റഷ്യ മെനയുന്ന വ്യാജ വാർത്തകളാണിതെന്ന് യുക്രെയിൻ പ്രതികരിച്ചു. ഷെല്ലാക്രമണത്തിൽ തകർന്ന സൈനിക പോസ്റ്റിന്റേതെന്ന് പറയുന്ന ചിത്രങ്ങൾ ഫെഡറൽ സെക്യൂരിറ്റി സർവീസ് പുറത്തുവിട്ടു. തങ്ങൾ നടത്തിയ പ്രത്യാക്രമണത്തിൽ റഷ്യൻ അതിർത്തി കടന്ന അ‌ഞ്ച് യുക്രെയിനിയൻ സൈനികരെ വധിച്ചതായി റഷ്യ അറിയിച്ചു.

ആക്രമണം നടത്താനായി തങ്ങളുടെ ഭാഗത്ത് നിന്ന് റഷ്യയിലേക്ക് നുഴഞ്ഞുകയറ്റമുണ്ടായെന്ന ആരോപണം യുക്രെയിൻ തള്ളി. തങ്ങളുടെ സൈനികരിൽ ഒരാൾ പോലും റഷ്യൻ അതിർത്തി കടന്നിട്ടില്ലെന്നും ഒരാൾ പോലും ഇന്നലെ കൊല്ലപ്പെട്ടില്ല എന്നും യുക്രെയിൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ആന്റോൺ ഗെറഷ്ചെൻകോ പറഞ്ഞു.

അതേ സമയം, റഷ്യ - യുക്രെയിൻ സംഘർഷം പിടിമുറുകുന്നതിനിടെ കിഴക്കൻ യുക്രെയിനിൽ വിമത നിയന്ത്രണത്തിലുള്ള ഡോനെറ്റ്സ്ക് നഗര മദ്ധ്യത്തിൽ ഇന്നലെ രാവിലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. എന്നാൽ, എത് തരം സ്ഫോടനമാണെന്ന് വ്യക്തമല്ല.

 പുടിനുമായി ഉച്ചകോടി: സമ്മതം മൂളി ബൈഡൻ

യുക്രെയിൻ വിഷയം ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഉച്ചകോടിയ്ക്ക് തത്വത്തിൽ സമ്മതമറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നോട്ടുവച്ച ചർച്ചകൾ എന്നാൽ, യുക്രെയിന് നേരെ അധിനിവേശം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയാൽ മാത്രമേ നടക്കൂ എന്ന് ബൈഡൻ അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. യൂറോപ്പിൽ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി രണ്ട് നേതാക്കളും ചർച്ചകൾക്ക് തയാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസ് അറിയിച്ചിരുന്നു.

ഫെബ്രുവരി 24ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ചേർന്ന് ചർച്ച നടത്തി ഉച്ചകോടിയുടെ കാര്യക്രമങ്ങൾ രൂപപ്പെടുത്തുമെന്ന് മാക്രോണിന്റെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാക്രോൺ പുടിനുമായും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായും ഫോണിൽ സംസാരിച്ചിരുന്നു.

അതേ സമയം, യുക്രെയിൻ വിഷയത്തിൽ ഇപ്പോൾ ബൈഡൻ - പുടിൻ ഉച്ചകോടി നടത്തുന്നതാൻ സമയമായിട്ടില്ലെന്ന് ക്രെംലിൻ വ്യക്തമാക്കി. ' ഏതെങ്കിലും തരത്തിലുള്ള ഉച്ചകോടികൾ സംഘടിക്കുന്നത് സംബന്ധിച്ച ഏതെങ്കിലും പ്രത്യേക പദ്ധതികളെ പറ്റി സംസാരിക്കുന്നത് ഇപ്പോൾ അനവസരമാണ് " ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുള്ള പദ്ധതികളൊന്നും തയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കൊണ്ട് യുക്രെയിൻ അതിർത്തിയിൽ റഷ്യ 150,000ലേറെ ട്രൂപ്പുകളെ വിന്യസിച്ചെന്നാണ് യു.എസിന്റെ ആരോപണം. ഇതിൽ ഏകദേശം 50 ശതമാനത്തോളം ട്രൂപ്പുകൾ ഏത് നിമിഷവും ആക്രമണം നടത്താൻ തയാറായിട്ടുള്ള മേഖലയിലാണെന്നും യു.എസ് പറയുന്നു.

 യുക്രെയിനെ ആക്രമിക്കാൻ റഷ്യ ഉത്തരവിട്ടു ?

യുക്രെയിനെതിരെ ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോകാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സൈനിക കമാൻഡർമാർക്ക് അനുവാദം നൽകിയെന്ന് യു.എസ് ഇന്റലിജൻസ് സർവീസിനെ ഉദ്ധരിച്ച് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക നടപടിയ്ക്ക് കഴിഞ്ഞാഴ്ച തന്നെ പുടിൻ ഉത്തരവിട്ടെന്നും ഇത് സംബന്ധിച്ച ഉത്തരവിൽ പുടിൻ ഒപ്പ് വച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഞായറാഴ്ച അവസാനിക്കേണ്ടിയിരുന്ന റഷ്യ - ബെലറൂസ് സംയുക്ത സൈനികാഭ്യാസം തുടരുമെന്ന് അറിയിച്ചതോടെ ഇന്റലിജൻസ് റിപ്പോർട്ട് കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്. എന്നാൽ, റിപ്പോർട്ട് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആണവായുധങ്ങൾ ഉൾപ്പെടെ റഷ്യ ബെലറൂസിൽ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 30,000ത്തിലേറെ റഷ്യൻ ട്രൂപ്പുകളും ബെലറൂസിൽ സജ്ജമാണ്.

 വിമത മേഖലകളുടെ സ്വാതന്ത്ര്യം പരിഗണിക്കാൻ പുടിൻ

മോസ്കോ : യുക്രെയിനിന്റെ അധികാര പരിധിയിൽ നിന്ന് ഒറ്റപ്പെട്ട് നിലകൊള്ളുന്ന രണ്ട് പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഈ മേഖലകളിൽ നിന്നുള്ള നേതാക്കൾ തന്നോട് അതിനായി അഭ്യർത്ഥന നടത്തിയെന്നും പുടിൻ കൂട്ടിച്ചേർത്തു.

കിഴക്കൻ യുക്രെയിനിലെ ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക് എന്നീ റഷ്യൻ അനുകൂല വിമത മേഖലകളാണത്. റഷ്യയ്ക്കെതിരെയുള്ള ഏറ്റുമുട്ടലിന്റെ ഉപകരണമായി യുക്രെയിൻ ഉപയോഗിക്കപ്പെടുന്നത് രാജ്യത്തിന് വളരെ ഗുരുതരമായ ഭീഷണിയാണെന്നും ഏറ്റുമുട്ടലിനല്ല സുരക്ഷയ്ക്കാണ് റഷ്യ പ്രാധാന്യം നൽകുന്നതെന്നും പുടിൻ വ്യക്തമാക്കി.

 ' അവരെ വധിക്കും, അല്ലെങ്കിൽ തടവിലാക്കും " റഷ്യയ്ക്കെതിരെ യു.എസ്

യുക്രെയിന് മേൽ ആക്രമണം നടത്തുന്നതിനിടെ അവിടുത്തെ ഗണ്യമായ എണ്ണം വിമർശകരെയും തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെയും മറ്റ് ദുർബല വിഭാഗങ്ങളെയും വധിക്കാനോ തടവിലാക്കാനോ റഷ്യ പദ്ധതിയിടുന്നുണ്ടെന്ന് കരുതുന്നതായും ഇത് സംബന്ധിച്ച വിശ്വസനീയമായ തെളിവുകൾ ലഭ്യമായെന്നും ഐക്യരാഷ്ട്ര സംഘടനയോട് യു.എസ്. യു.എസിന്റെ യു.എൻ പ്രതിനിധി ബത്ഷേബ നെർ ക്രോക്കർ യു.എന്നിലെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ മിഷേൽ ബാഷെലറ്റിനയച്ച കത്തിലാണ് പരാമർശം. ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.