pak-swiss

ഇസ്ളാമാബാദ്: അടിസ്ഥാന കാര്യങ്ങൾക്ക് പോലും പണമില്ലാതെ പൊതുജനങ്ങളോട് കടം പറയുന്ന ദുരവസ്ഥയാണ് പാകിസ്ഥാൻ സർ‌ക്കാരിനുണ്ടായിരിക്കുന്നത്. ഇതിനിടയിൽ നാണക്കേടാകുന്ന മറ്റൊരു വിവരവും പുറത്തുവരുന്നുണ്ട് പാകിസ്ഥാനിൽ നിന്ന്. സ്വിസ് ബാങ്കിലെ 600 ആക്കൗണ്ടുകൾ 1400 പാക് പൗരന്മാരുടേതാണെന്ന് കണ്ടെത്തി. ഇതിൽ പ്രധാന രാഷ്‌ട്രീയ നേതാക്കളും , സൈനിക ജനറൽമാരുമെല്ലാമുണ്ട്.

ഐഎസ്ഐ മുൻ തലവൻ ജനറൽ അക്‌താർ അബ്‌ദുർ റഹ്‌മാൻ ഖാനാണ് ഇവരിൽ പ്രബലനായ സൈനിക നേതാവ്. സ്വിറ്റ്‌സർലാന്റിലെ നിക്ഷേപ ബാങ്കിംഗ് സംരംഭമായ ക്രെഡിറ്റ് സ്വിസിയാണ് ഈ വിവരം പുറത്തുവിട്ടത്. സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനെ സഹായിക്കാൻ അമേരിക്കയിൽ നിന്ന് കോടിക്കണക്കിന് ഡോളറുകളാണ് റഹ്മാൻ ഖാൻ വാങ്ങിയത്. 4.42 മില്യൺ സ്വിസ് ഫ്രാങ്കാണ് പാകിസ്ഥാൻ പൗരന്മാർ സ്വിസ് അക്കൗണ്ടിൽ നിക്ഷേപിച്ചത്. പാകിസ്ഥാനിലെ പല പ്രബലരായ രാഷ്‌ട്രീയ നേതാക്കളും തിരഞ്ഞെടുപ്പ് സമയത്ത് സ്വിസ് ബാങ്കിൽ അക്കൗണ്ടുള‌ളതായി തിരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രികയിൽ സൂചിപ്പിച്ചിട്ടില്ല.

ഈ അക്കൗണ്ടുകളെക്കുറിച്ചുള‌ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക അഴിമതി സൂചിക പ്രകാരം ആകെ 180ൽ 140ാം സ്ഥാനത്താണ് പാകിസ്ഥാൻ. 2021ൽ 16 സ്ഥാനങ്ങൾ നഷ്‌ടമായി.