
മുംബയ്: കന്നുകാലികളെ ചന്തയിൽ നിന്ന് വാങ്ങുന്ന ലാഘവത്തോടെയാണ് ഐ പി എൽ ലേലത്തിൽ പങ്കെടുക്കുന്ന ടീം ഉടമകൾ ക്രിക്കറ്റ് താരങ്ങളെ വാങ്ങുന്നതെന്നും പണ്ടെങ്ങോ എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന പ്രതീതിയാണ് ലേല ദിവസം അനുഭവപ്പെടുന്നതെന്നും മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഇക്കഴിഞ്ഞ ഐ പി എൽ ലേലത്തിൽ തന്റെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സാണ് ഉത്തപ്പയെ സ്വന്തമാക്കിയത്. ഐ പി എൽ ടീമുകൾ ലേലത്തിലൂടെ താരങ്ങളെ സ്വന്തമാക്കുന്ന സ്ഥിരം പരിപാടിക്കു പകരമായി ഒരു ഡ്രാഫ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ഉത്തപ്പ സൂചിപ്പിച്ചു.
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉത്തപ്പ വിവാദമായേക്കാവുന്ന പരാമർശങ്ങൾ നടത്തിയത്. ഐ പി എൽ ലേലത്തിനിടെ അത്ര സുഖകരമായ നിമിഷങ്ങളല്ല തന്റെ പേര് വിളിക്കുമ്പോൾ ഒരു ക്രിക്കറ്ററിന് നേരിടേണ്ടി വരുന്നതെന്നും മുമ്പ് എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന പ്രതീതിയാണ് അത് നൽകുന്നതെന്നും ഉത്തപ്പ വ്യക്തമാക്കി. ഇന്ത്യയിലെ ക്രിക്കറ്റർമാരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്ന് ലഭ്യമാണെന്നും അത് തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും ഉത്തപ്പ പറഞ്ഞു.
ഒരു കളിക്കാരനെ എത്ര വിലയ്ക്ക് വാങ്ങണമെന്ന മുൻധാരണയോടെയാണ് പലരും ലേലത്തിന് എത്തുന്നതെന്നും അതിൽ കൂടിയാൽ എത്ര മികച്ച കളിക്കാരനായാലും പണമിറക്കാൻ ഉടമകൾ മടിക്കുമെന്ന് ഉത്തപ്പ പറഞ്ഞു. ഒരു കളിക്കാരന്റെ കളിയെ കുറിച്ച് അഭിപ്രായം പറയുന്നത് പോലെ അത്ര സുഖകരമല്ല അയാൾക്ക് ലേലത്തിൽ ലഭിക്കുന്ന തുകയെകുറിച്ച് അഭിപ്രായം പറയുന്നതെന്നും ഉത്തപ്പ പറഞ്ഞു.