pvl

ഹൈദരാബാദ്: ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ അഞ്ചു സെറ്റുകൾക്ക് തകർത്ത് കാലിക്കറ്റ് ഹീറോസ് പ്രൈം വോളിബാൾ ലീഗിന്റെ സെമിഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ 15-14, 15-10, 15-14, 15-14, 15-9 എന്ന സ്‌കോറിനാണ് കാലിക്കറ്റിന്റെ തകർപ്പൻ വിജയം. കാലിക്കറ്റ് ഹീറോസിന്റെ ഡേവിഡ് ലീ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് സെറ്റ് വിജയത്തോടെ ബോണസ് പോയിന്റ് നേടിയ കാലിക്കറ്റ് ആറു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി ലീഗ് പട്ടികയിൽ രണ്ടാമതെത്തി.

എസ് വി ഗുരു പ്രശാന്തിന്റെ സ്‌പൈക്കിൽ ബ്ലാക്ക് ഹോക്സിനായിരുന്നു ആദ്യ സെറ്റിന്റെ തുടക്കത്തിൽ മുൻതൂക്കം. സ്കോർ 11-9? ഹൈദരാബാദ് മുന്നിൽ നിൽക്കുമ്പോൾ ഒരു സൂപ്പർ പൊയിന്റ് നേടിയ കാലിക്കറ്റ് ഹീറോസ് സമനില സ്വന്തമാക്കി. കടുത്ത പോരാട്ടം തുടർന്ന ഇരുടീമുകളും 14-14ൽ നിൽക്കെ വിഘ്‌നേഷ് രാജിന്റെ തകർപ്പൻ സ്മാഷിലൂടെ കാലിക്കറ്റ് ആദ്യ സെറ്റ് കരസ്ഥമാക്കി. ഡേവിഡ് ലീയുടെ മികവിൽ രണ്ടാം സെറ്റിൽ ഹീറോസ് 5-1ന്റെ വൻ ലീഡ് നേടി. ക്യാപ്ടൻ വിനീത് ജെറോം മികച്ച ഫോം തുടർന്നപ്പോൾ ഹീറോസിന് ഒന്നും നോക്കാൻ ഇല്ലായിരുന്നു. അജിത്ലാലിന്റെ ഒരു തകർപ്പൻ സ്മാഷ് സ്‌കോർ 12-8 ആക്കി. 15-10ന് രണ്ടാം സെറ്റ് അവസാനിപ്പിച്ച് കാലിക്കറ്റ് മത്സരത്തിൽ 2-0ന് മുന്നിലെത്തി.

മൂന്നാം സെറ്റിൽ ബ്ലാക്ക് ഹോക്സ് തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. അമിത് ഗുലിയയുടെ രണ്ട് മികച്ച സ്‌പൈക്കുകൾ അവർക്ക് 6-4ന്റെ ലീഡ് നൽകി. എന്നാൽ അബിൽ കൃഷ്ണൻ, വിനിത് ജെറോം എന്നിവരിലൂടെ ഹീറോസ് തിരിച്ചടിച്ചു. 11-11ന് സമനില. ഇരുടീമുകളും പൊയിന്റുകൾ നിലനിർത്തിയതോടെ സ്‌കോർ 14-14ലെത്തി. അബിൽ കൃഷ്ണയുടെ മറ്റൊരു മികച്ച സ്‌പൈക്കിലൂടെ 15-14ന് മൂന്നാം സെറ്റും മത്സരവും ഹീറോസ് സ്വന്തമാക്കി.

നാലാം സെറ്റിൽ ബ്ലാക്ക് ഹോക്സ് 9-6ന് മുന്നിലെത്തി. ഡേവിഡ് ലീയിലൂടെ തിരിച്ചടിച്ച ഹീറോസ് സ്‌കോർ 9-9ന് സമനിലയിലാക്കി. നിമിഷങ്ങൾക്കകം നിർണായക സൂപ്പർ പൊയിന്റ് നേടിയ കാലിക്കറ്റ് 12-9ന് മൂന്ന് പൊയിന്റ് ലീഡ് നേടി. അമിത് ഗുലിയയുടെ പ്രകടനം സ്‌കോറുകൾ 14-14ന് സമനിലയിലാക്കാൻ ഹൈദരാബാദിനെ സഹായിച്ചെങ്കിലും ഹീറോസ് സെറ്റ് വിട്ടുകൊടുത്തില്ല. നാലാം സെറ്റ് 15-14ന് ടീം നേടി. ബോണസ് പൊയിന്റ് ലക്ഷ്യമിട്ട് കളിച്ച ഹീറോസ് അവസാന സെറ്റിൽ വൻ ലീഡുമായി കുതിച്ചു. 10-4ന് ലീഡെടുത്ത കാലിക്കറ്റ് വിനീത് ജെറോമിന്റെ സ്മാഷിൽ 15-9ന് അവസാന സെറ്റും അക്കൗണ്ടിലാക്കി.