
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ദിലീപ് തടസം നിൽക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്ന് ദിലീപ് ഹർജിയിൽ ആരോപിച്ചു
അതേസമയം ഹർജിയിൽ ആക്രമിക്കപ്പെട്ട നടിയെ ഹൈക്കോടതി കക്ഷി ചേർത്തു. അന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ തന്നെ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ നടി വ്യക്തമാക്കിയിരുന്നു. ഈ അപേകേഷയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടിയെകൂടി കക്ഷി ചേർത്തത്.
എന്നാൽ തുടരന്വേഷണം തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണെന്നാണ് ദിലീപിന്‍റെ വാദം.കേസന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ മുഖ്യപ്രതി പൾസർ സുനിൽ തന്‍റെ വീട്ടിൽ വന്നതിന് മൊഴികളില്ല. ഇപ്പോൾ പുതിയ ഒരാളെ എത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ അത്തരം മൊഴി ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് വാദിച്ചു. എന്നാൽ ബാലചന്ദ്രകുമാറിന്‍റെ മൊഴി കള്ളമാണോ സത്യമാണോ എന്നത് അന്വേഷണ വിഷയമാണെന്ന് കോടതി വ്യക്തമാക്കി. വെളിപ്പെടുത്തൽ അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. ദിലീപ് എന്തിനാണ് തുടർ അന്വേഷണത്തിന് തടസം നിൽക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പരാതി വൈകി നൽകിയത് എന്ത് കൊണ്ടാണെന്ന് കാര്യം അന്വേഷിക്കട്ടെ എന്നും കോടതി വ്യക്തമാക്കി. ദിലീപിന്‍റെ ഹർജിയിൽ നാളെ ഉച്ചയ്ക്ക് ശേഷം വാദം തുടരും.
ഇതിനിടെ നടിയെ ആക്രമിച്ച് കേസിലെ സാക്ഷിയെ സ്വീധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണത്തിൽ ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻ പിള്ള ക്രൈം ബ്രാഞ്ച് നോട്ടീസിന് മറുപടി നൽകി. സാക്ഷിയെ സ്വീധീനിക്കാൻ താൻ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും സാക്ഷിയായ ജിൻസന്‍റെ ആരോപണം തെറ്റാണെന്നുമാണ് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിയ്ക്ക് നൽകിയ മറുപടി.