
ചേർത്തല: പൂട്ടികിടക്കുന്ന വ്യവസായ കേന്ദ്രത്തിൽ നിന്ന് പഴയ യന്ത്റങ്ങൾ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.ദേശിയപാതയോരത്ത് മായിത്തറയിൽ പൂട്ടികിടക്കുന്ന ടിയാറ മെറ്റൽസ് എന്ന സ്ഥാപനത്തിലെ യന്ത്റങ്ങളും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച ഡൽഹി സ്വദേശി ബാബു(35)വിനെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചേ 5 നാണ് മോഷ്ടിച്ച രണ്ട് യന്ത്റങ്ങളും മറ്റ് ഉപകരണങ്ങളും മുചക്ര സൈക്കിളിൽ വെച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ മാരാരിക്കുളം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഇയാൾ മുച്ചക്ര സൈക്കിളിൽ ആക്രി സാധനങ്ങൾ ശേഖരിക്കാൻ നടക്കുന്നയാളാണ്.20 ലക്ഷം രൂപയുടെ യന്ത്റങ്ങളും ഉപകരണങ്ങളുമാണ് ഇതുവരെ നഷ്ടപ്പെട്ടതെന്ന് ഉടമ ജെസി ജോയി പറഞ്ഞു. മാരാരിക്കുളം ഇൻസ്പെക്ടർ എസ്.രാജേഷ്,എസ്.ഐ മാരായ സിസിൽ ക്രിസ്റ്റിൻരാജ്,പ്രതാപൻ,അനിൽകുമാർ,എ.എസ്.ഐ ജാക്സൺ,സി.പി.ഒ മാരായ വിനീഷ്,കവിരാജ്,ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രദേശവാസിയായ പട്ടണക്കാട് സ്റ്റേഷനിലെ സി.പി.ഒ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രതി ബാബു മുഹമ്മ സംസ്കൃതം സ്കൂളിന് കിഴക്ക് ആയുർവേദ ആശുപത്രിക്ക് സമീപത്തുള്ള വാടക വീട്ടിലാണ് താമസം. ഇയാളെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരുകയാണ്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.