
വീട് പണിയുമ്പോൾ അടിത്തറ മുതൽ മേൽക്കുര വാർക്കുന്നതുവരെയുള്ള പണികൾ കഴിഞ്ഞാൽ ഏറ്റവും അധികംചെലവുവരുന്നതും സമയമെടുക്കുന്നതുമായ ഒന്നാണ് വീടുതേപ്പ്. സിമന്റിന് ഏറ്റവും കൂടുതൽ ചെലവുവരുന്നതും ഈ സമയത്താണ്. ഈ പശ്ചാത്തലത്തിലാണ് ചുരുങ്ങിയ ചെലവിൽ ഭിത്തി തേയ്ക്കാൻ കഴിയുന്ന പുതിയ ടെക്നോളജിയായ ജിപ്സം പ്ലാസ്റ്ററിംഗിന് കേരളത്തിൽ പ്രചാരമേറുന്നത് .
സിമന്റിനെക്കാൾ എളുപ്പത്തിൽ ഭിത്തി തേയ്ക്കാൻ ജിപ്‌സം പ്ലാസ്റ്ററിംഗ് വഴി കഴിയും. ജിപ്സം പ്ലാസ്റ്ററിംഗ് വീട് നിർമാണം എളുപ്പത്തിലും വേഗത്തിലുമാക്കാൻ സഹായിക്കുന്നു. സിമന്റിനെക്കാൾ വളരെ ചെലവു കുറവാണെന്നതും സമയം ലാഭിക്കാമെന്നതും ഇതിന്റെ മേന്മയാണ്. സിമന്റിന്റെ തേപ്പു പോലെ നനച്ചു കൊടുക്കേണ്ട. ആവശ്യം ഇതിന് വരുന്നില്ല. തേപ്പ് കഴിഞ്ഞ് 8–10 മിനിട്ടിനുള്ളിൽ തന്നെ സെറ്റ് ആകും.
ഏതു പ്രതലത്തിലും ഗ്ലാസ് ഫിനിഷിംഗോടെ പ്ളാസ്റ്ററിംഗ് ചെയ്യാം. വെള്ളം മാത്രം ഉപയോഗിച്ചാണ് മിക്സ് ചെയ്യുന്നത്. പായലും പൂപ്പലും പിടിക്കില്ല. വിള്ളൽ, പൊട്ടല്‍ എന്നിവ ഉണ്ടാകില്ല. ക്രിസ്റ്റൽ വാട്ടർ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ തീപിടിത്തത്തെ ചെറുക്കുന്നു. ജിപ്സത്തിൽ പൊടി തങ്ങി നിൽക്കില്ല. ചിതൽ ശല്യം ഒഴിവാകും. . പെയിന്റടിച്ചില്ലെങ്കിലും ഒരു കോട്ട് പെയിന്റ് മാത്രമടിച്ചാലും ഫുൾ ഫിനിഷിംഗ് ലഭിക്കും. 10 ദിവസം കഴിഞ്ഞാൽ ജിപ്സം അതിന്റെ വെള്ളനിറത്തിലെത്തും എന്നതാണ് ഇതിനു കാരണം. സിമന്റ് തേപ്പിനെ അപേക്ഷിച്ച് 50–80 % വരെ തണുപ്പു കൂടുതൽ കിട്ടും.
എന്നാൽ ഗുണങ്ങളെന്ന പോലെ ഇതിന് ദോഷങ്ങളുമുണ്ട്. സ്ഥിരമായി നനവനുഭവപ്പെടുന്ന സ്ഥലങ്ങളിൽ, പ്രത്യേകിച്ചും ബാത്ത്‌റൂം പോലുള്ള ഭാഗങ്ങളിൽ ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യാനാവില്ല. അതുകൊണ്ട് ഇന്റീരിയറിലാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത് . ബാത്ത് റൂമിൽ ഏഴടി ഉയരത്തിൽ ടൈൽ ഒട്ടിച്ചു കഴിഞ്ഞുള്ള മുകൾ ഭാഗത്തു മാത്രമാവണം ജിപ്സം തേക്കേണ്ടത് 13 മിമീ കനത്തില്‍ ഒരു ചതുരശ്ര അടിക്ക് 30 രൂപയോളമാണ് ജിപ്സം പ്ലാസ്റ്ററിംഗിന് ചെലവ് വരുന്നത്.