
10 ഫോണുകൾ പരിശോധനയ്ക്ക്
കൊച്ചി: ഇടപ്പള്ളി മാമംഗലത്ത് 56 ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പെടെ എട്ടുപേർ അറസ്റ്റിലായ കേസിൽ അന്വേഷണം ഊർജിതമാക്കി എക്സൈസ്. പ്രതികളായ ആലുവ മുപ്പത്തടം സ്വദേശി റിച്ചു റഹ്മാൻ(30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), കണ്ണൂർ സ്വദേശി പി.എം. സൽമാൻ (26), തൃശൂർ സ്വദേശി കെ.ബി. വിബീഷ് (32) എന്നിവരെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചു. നാളെ കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് പേരെ ചോദ്യം ചെയ്തശേഷം മറ്റ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറാണ് കേസന്വേഷിക്കുന്നത്.ഈ മാസം 15നാണ് ഇടപ്പള്ളിയിൽ ഹോട്ടൽ മുറിയിൽ നിന്ന് എട്ടംഗ സംഘത്തെ സംസ്ഥാന എക്സൈസ് സ്പെഷ്യൽ സ്ക്വാഡും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് പിടികൂടുന്നത്.
ആലപ്പുഴ കാർത്തികപ്പള്ളി ശ്യാം നിവാസ് വീട്ടിൽ ശരത് (33), കൊല്ലം മുഖത്തല ഷമീന മൻസിൽ വീട്ടിൽ തൻസില (24) എന്നിവരാണ് മറ്റ് പ്രതികൾ. കൊല്ലം സ്വദേശികൾ കൊലപാതക കേസിലെ പ്രതികളാണെന്ന സൂചനയുണ്ട്. റിച്ചു, മുഹമ്മദ് അലി, സൽമാൻ, വിബീഷ് എന്നവരാണ് ലഹരിക്കച്ചവടം നടത്തിയിരുന്നത്. മറ്റുള്ളവർ ലഹരി വാങ്ങാൻ എത്തിവരാണ്. പ്രതികളുടെ 10 മൊബൈൽ ഫോണുകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുള്ളത്. ഇതിൽ നിന്ന് ഇവരുടെ ലഹരി ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസ് കരുതുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ പരിശോധിക്കും. കേസിന്റെ ഗൗരവം പരിഗണിച്ചാണ് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ടെനിമോൻ അന്വേഷണം നടത്തുന്നത്.