df

കൊളംബോ: ഡീസൽ വാങ്ങാൻ പണമില്ലാതെ ദുരിതത്തിലായി ദ്വീപ് രാഷ്ട്രമായ ശ്രീലങ്ക. 40,000 ടൺ ഡീസൽ കൊളംബോ തീരത്ത് കാത്തുകെട്ടി കിടക്കെ ഇതിന് കൊടുക്കാൻ 35 ദശലക്ഷം ഡോളറിന് വേണ്ടി വായ്പ ചോദിച്ചിരിക്കുകയാണ് രാജ്യത്തെ ഊർജ്ജ മന്ത്രി. നിലവിൽ വളരെ കുറച്ച് ദിവസത്തേക്കുള്ള ഡീസൽ മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത്.

സാധാരണ 450 ദശലക്ഷം ഡോളറാണ് ശ്രീലങ്ക ഓരോമാസവും ഇന്ധനത്തിനായി ചെലവാക്കാറുള്ളത്. ജനുവരി അവസാനത്തോടെ ഇത് 2.36 ബില്യൺ ഡോളറായതോടെയാണ് പ്രതിസന്ധി. കൊളംബോ തീരത്ത് എത്തിയ കപ്പലിൽ നിന്ന് കാശില്ലാത്തതിനാൽ ഡീസൽ കരയിലിറക്കാൻ കഴിയാതിരിക്കുകയാണ് ലങ്കൻ ഊർജ്ജ മന്ത്രാലയം.

രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആവശ്യത്തിന് വിദേശ നാണ്യശേഖരം ഇല്ലാത്തതാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എണ്ണ വിതരണം നിയന്ത്രിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷൻ.