neuralink

ന്യൂയോർക്ക് : ടെസ്‌ല, സ്പേസ് എക്സ് എന്നിവയുടെ സ്ഥാപകനായ ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ നിർമ്മിതബുദ്ധിയുടെ സഹായത്താൽ മനുഷ്യനെയും കമ്പ്യൂട്ടറിനേയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ' ബ്രെയിൻ ചിപ്പുകളുടെ ' പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച കുരങ്ങുകളിൽ ചിലതിന് ജീവൻ നഷ്ടമായെന്ന് സമ്മതിച്ച് ന്യൂറാലിങ്ക് കമ്പനി.

എന്നാൽ, അവയോട് തങ്ങൾ ക്രൂരത കാട്ടിയെന്ന ആരോപണങ്ങൾ ന്യൂറാലിങ്ക് നിഷേധിച്ചു. യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയയിലെ ഡേവിസ് പ്രൈമേറ്റ് സെന്ററിൽ കമ്പനി തിരഞ്ഞെടുത്ത 23 കുരങ്ങുകളിൽ 15 എണ്ണത്തിന് 2017നും 2020നും ഇടയിൽ പരീക്ഷണ ഫലമായി ജീവൻ നഷ്ടമാവുകയോ ദയാവധത്തിന് വിധേയമാവുകയോ ചെയ്തെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

ന്യൂറാലിങ്ക് മൃഗങ്ങളോട് ക്രൂരത കാട്ടിയെന്ന തരത്തിലെ പ്രതിഷേധങ്ങളും വിവാദങ്ങളും ശക്തമായിരുന്നു. നിലവിൽ ഏതൊരു മെഡിക്കൽ ഉപകരണമോ ചികിത്സയോ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് മുന്നേ മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിക്കേണ്ടതുണ്ടെന്നും സാദ്ധ്യമായ എല്ലാ മാനുഷിക പരിഗണനകൾ നൽകിയാണ് മൃഗങ്ങളിൽ തങ്ങൾ പരീക്ഷണം നടത്തുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടി.

ഡേവിസ് സെന്ററിൽ നടന്ന പരീക്ഷണ കാലയളവിൽ തങ്ങൾ ഉപയോഗിച്ച ജീവികളെ ഉപദ്രവിക്കുകയോ അവയ്ക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുത്ത കുരങ്ങുകളിൽ പലതിനും വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും കമ്പനി വ്യക്തമാക്കി.

 ന്യൂറാലിങ്ക് ബ്രെയ്ൻ ചിപ്പുകൾ

2016ലാണ് ഇലോൺ മസ്ക് ' ന്യൂറാലിങ്ക് ' സ്ഥാപിച്ചത്. മനുഷ്യരെയും യന്ത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഹൈ ബാൻഡ്‌വിഡ്‌ത്ത് ബ്രെയ്ൻ - മെഷീൻ ഇന്റർഫേസുകൾ വികസിപ്പിച്ച് അതിലൂടെ മനസുകൊണ്ടും ചിന്തകൾ കൊണ്ടും മനുഷ്യനും ഉപകരണങ്ങളും തമ്മിൽ ആശയവിനിമയം സാദ്ധ്യമാക്കുകയാണ് ന്യൂറാലിങ്ക് ബ്രെയ്ൻ ‌ചിപ്പുകളുടെ ലക്ഷ്യം.

മനുഷ്യന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മറികടക്കാൻ സഹായിക്കുമെന്ന് കരുതുന്ന ഈ ചിപ്പുകളുടെ മൃഗങ്ങളിലെ പരീക്ഷണം വിജയിച്ചാൽ മനുഷ്യരിലെ പരീക്ഷണങ്ങൾ ആരംഭിക്കും. മസ്തിഷ്കത്തിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ വയർലെസ് ചിപ്പിന്റെയും ഒപ്പം ചെറു വയറുകളുടെയും സഹായത്തോടെ കുരങ്ങുകളെ സ്വന്തം മനസ് കൊണ്ട് വീഡിയോ ഗെയിമിനെ നിയന്ത്രിക്കാൻ പ്രാപ്തമാക്കാനുള്ള പരീക്ഷണങ്ങൾ നടക്കുകയാണെന്ന് മസ്ക് കഴിഞ്ഞ വർഷം സൂചിപ്പിച്ചിരുന്നു.

ഭാവിയിൽ ഇത്തരം ചിപ്പുകളിലൂടെ മനുഷ്യന് തന്റെ ഓർമകൾ ശേഖരിക്കാനും അവ ' റീസ്റ്റോർ ' ചെയ്യാനാകുമെന്നും തളർവാത രോഗികൾക്കും മറ്റും പരസഹായമില്ലാതെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും മസ്ക് പ്രവചിച്ചിരുന്നു.