baby

കൊച്ചി: രണ്ടര വയസുകാരി ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ അടിമുടി ദുരൂഹത. ഒപ്പം താമസിച്ച ആന്റണി ടിജിൻ എന്നയാളെ കാണാനില്ല. കുഞ്ഞിനെ ആശുപത്രിയിലാക്കിയതിന് പിന്നാലെ ഇയാൾ രക്ഷപ്പെട്ടു. കുട്ടിയുടെ അമ്മയുടെ സഹോദരിയും മകനും ഇയാൾക്കൊപ്പമുണ്ട്. കാറിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവല്ല ആന്റണിയെന്ന് പൊലീസ് അറിയിച്ചു. ഒരുമാസം മുൻപാണ് ആന്റണി ടിജിൻ കാക്കനാട് ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത്. സൈബർ പൊലീസ് ഉദ്യോഗസ്ഥനായിരുന്നെന്നും ഇപ്പോൾ രാജിവച്ചെന്നും പറഞ്ഞാണ് ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത്.

ഭാര്യയും മകനും ഭാര്യാസഹോദരിയും അമ്മയും ഒപ്പമുണ്ടെന്നായിരുന്നു ഫ്ലാറ്റ് ഉടമയോട് ആന്റണി പറഞ്ഞിരുന്നത്. അയൽവാസികളുമായി കുടുംബത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. സ്ത്രീകളാരും പുറത്തിറങ്ങാറില്ല. സഹോദരിയുടെ മകൻ മാത്രം മറ്റു കുട്ടികളുടെ കൂടെ കളിക്കാനെത്തും. അമേരിക്കയിൽ നിന്നാണ് കാക്കനാട് വന്നതെന്നായിരുന്നു ഈ കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നത്.

ഞായറാഴ്ച വൈകിട്ടാണ് രണ്ടരവയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയാസ്പദമായ കാര്യങ്ങളാണ് അന്ന് നടന്നത്.രാത്രി എട്ടരയോടെ രണ്ടരവയസുകാരിയേയും കൊണ്ട് അമ്മയും അമ്മൂമ്മയും ഫ്ലാറ്റിൽ നിന്ന് പോകുന്നു. കാറുമായി ആന്റണിയും സഹോദരിയുടെ മകനും കാത്തുനിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കുറച്ച് കഴിഞ്ഞ് ഫ്ലാറ്റിൽ തിരിച്ചെത്തിയ ഇരുവരും പുലർച്ചെയോടെ രണ്ടരവയസുകാരിയുടെ അമ്മയുടെ സഹോദരിയേയും കൂട്ടി ബാഗുമായി പുറത്തേക്ക് പോകുന്നു. കുട്ടിയുടെ അമ്മയും സഹോദരിയും കുറേ നാളുകളായി ഭർത്താക്കന്മാരുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. ബംഗാളിയാണ് ആന്റണിയെന്നും പൊലീസ് പറയുന്നു.

മതി​യായ ചി​കി​ത്സ നൽകാത്തതി​ന് ബാലനീതി​ നി​യമപ്രകാരം പൊലീസ് അമ്മയെ പ്രതി​യാക്കി​ കേസ് രജി​സ്റ്റർ ചെയ്തി​ട്ടുണ്ട്. കൂടുതൽ വകുപ്പുകൾ ചേർത്ത് ഇന്ന് അറസ്റ്റ് നടപടി​ ഉണ്ടാകുമെന്നാണ് സൂചന. ശി​ശുക്ഷേമ സമി​തി​ ഇന്ന് കുഞ്ഞി​നെ സന്ദർശി​ക്കും.