madhu

പാലക്കാട്: അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വർഷം. കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ നാല് വർഷം പല കോണിൽ നിന്ന് ഭീഷണിയുണ്ടായെന്നും ചിലർ ഒറ്റപ്പെടുത്തിയെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു.

സാക്ഷികളിൽ ചിലർ കൂറുമാറുമോ എന്ന ആശങ്കയുണ്ടെന്നും സരസു വ്യക്തമാക്കി. ചില സാക്ഷികൾ കൂറുമാറിയാലും കേസ് ജയിക്കാൻ വേറെ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടിയത്.

മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നിരുന്നു.