haridas-lijesh

തലശ്ശേരി: സി പി എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ സൂത്രധാരൻ ബി ജെ പി മണ്ഡലം പ്രസിഡന്റ് ലിജേഷ് ആണെന്ന് പൊലീസ്. ബി ജെ പി കൊമ്മൽ വാർഡ് കൗൺസിലറാണ് ലിജേഷ്. ഇയാളെക്കൂടാതെ വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഏഴ് പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തതിന് ശേഷം ഇവരിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും ആർ എസ് എസ് - ബി ജെ പി പ്രവർത്തകരാണ്.

പുന്നോലിൽ ദിവസങ്ങൾക്ക് മുൻപ് ബി ജെ പി - സി പി എം സംഘർഷമുണ്ടായിരുന്നു. ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. ഇതിനുപിന്നാലെ ലിജേഷ് ഭീഷണി പ്രസംഗം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.


ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസ് കൊല്ലപ്പെട്ടത്. അക്രമം നടക്കുന്നതിന് തൊട്ടുമുൻപ് ലിജേഷ് നടത്തിയ ഫോൺ കോളാണ് അന്വേഷണത്തിൽ നിർണായകമായത്. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലാണ് നാലംഗ കൊലയാളി സംഘമെത്തിയതെന്നാണ് സൂചന.