
തിരുവനന്തപുരം: തനിക്കെതിരെയുണ്ടായ ആക്രമണത്തിന്റെ അടിസ്ഥാന കാരണങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വാമി ഗംഗേശാനന്ദ. സൂര്യൻ പതിയെയാണ് പ്രകാശിക്കുക, സത്യവും അതുപോലെ തന്നെ. പറയാനുള്ളതെല്ലാം വൈകുന്നേരം തുറന്നുപറയുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും ഗംഗേശാനന്ദ വ്യക്തമാക്കി. ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് പെൺകുട്ടി തന്നെയാണെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2017 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
വീട്ടിലെത്തിയ സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ സ്വയ രക്ഷയ്ക്കായി ചെയ്തെന്നായിരുന്നു ഇരുപത്തിമൂന്നുകാരി ആദ്യം പറഞ്ഞിരുന്നത്. ഇതോടെ ബലാത്സംഗത്തിന് സ്വാമിക്കെതിരെ കേസെടുത്തു. താൻ തന്നെയാണ് ലിഗം മുറിച്ചതെന്നായിരുന്നു ഗംഗേശാനന്ദ പറഞ്ഞത്.
പിന്നീട് പെൺകുട്ടി മൊഴി മാറ്റി. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താനല്ല സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെൺകുട്ടി പറഞ്ഞു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി സ്വാമിക്ക് അനുകൂലമായി മൊഴി നൽകി.
ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ സ്വാമിയെ ആക്രമിച്ചത് പെൺകുട്ടിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. പെൺകുട്ടിയുടെ സുഹൃത്താണ് അയ്യപ്പദാസ്. ഇയാളുമായി ചേർന്നാണ് പെൺകുട്ടി പദ്ധതി തയ്യാറാക്കിയത്. ഇവർ തമ്മിലുള്ള ബന്ധത്തിന് തടസം നിന്ന സ്വാമിയെ കേസിൽപ്പെടുത്തി ഒഴിവാക്കാനായിരുന്നു ഇരുവരുടെയും ശ്രമം.