prathibha-pinarayi-

തിരുവനന്തപുരം: നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടാൻ കാരണം നേതാക്കളിൽനിന്ന് നേരിട്ട അവഗണനയെന്ന് യു പ്രതിഭ എം എൽ എ. തങ്ങൾക്ക് വേണ്ടാത്ത സ്ഥാനാർത്ഥിയായിരുന്നു പ്രതിഭയെന്ന് ഒരു നേതാവ് പറഞ്ഞു. പാർട്ടി പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരാമർശം.

തനിക്കെതിരെ കായംകുളത്ത് നടന്ന നീക്കം പ്രതിഭ നേതൃത്വത്തെ അറിയിച്ചിരുന്നു. എ കെ ജി സെന്ററിലെത്തി എ വിജയരാഘവനെ നേരിട്ടുകണ്ടാണ് വോട്ടുചോർച്ചയെക്കുറിച്ച് അറിയിച്ചത്. തനിക്കെതിരെ പ്രവർത്തിച്ച നേതാക്കൾ ആരൊക്കെയാണെന്ന് പറഞ്ഞെങ്കിലും നേതൃത്വം മൗനത്തിലായിരുന്നു. ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്നാണ് ആക്ഷേപം.

കായംകുളം നിയോജക മണ്ഡലത്തിലെ വോട്ടുചോർച്ച എങ്ങും ചർച്ചയായില്ലെന്ന് വിമർശിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കഴിഞ്ഞ ദിവസം പ്രതിഭ രംഗത്തെത്തിയത്. താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നതിനാൽ ജയിക്കാൻ കഴിഞ്ഞുവെന്നും എം എൽ എ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ ചവറ്റുകൊട്ടയിൽ ആകുന്ന കാലം വിദൂരമല്ലെന്നും അവ‌‌ർ കുറിച്ചു.