benz

തിരുവനന്തപുരം: പുതിയ ബെൻസ് വാങ്ങാനുള്ള ഗവർണറുടെ നിർദേശം സർക്കാർ പരിഗണനയിൽ. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്ന് ഗവർണർ രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ വാഹനം ഒന്നര ലക്ഷം കിലോമീറ്റർ ഓടി. വി വി ഐ പി പ്രോട്ടോക്കോൾ പ്രകാരം ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയ വാഹനം വാങ്ങാൻ ഗവർണർ സർക്കാരിന് കത്തയച്ചത്.

നിലവിൽ സർക്കാരും ഗവർണറും ഇടഞ്ഞു നിൽക്കുന്ന സാഹചര്യമാണ്. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് പരസ്യമായി തന്നെ ഗവർണർ അഭിപ്രായ ഭിന്നത വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടും സർക്കാരിനെ ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു.

ഗവർണറുടെ ഓഫിസിലെ രണ്ട് നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയും ഗവർണറുടെ പേഴ്സണൽ സ്റ്റാഫിലെ നിയമനത്തിനെതിരെ കത്തു നൽകിയ പൊതുഭരണവകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്ന് നീക്കിയുമാണ് ഒടുവിൽ സർക്കാർ ഗവർണറെ അനുനയിപ്പിച്ചത്.