putin

കീവ്: റഷ്യ- യുക്രെയിൻ പ്രതിസന്ധി ശക്തമാകുന്നതിനിടെ പ്രകോപന നടപടിയുമായി റഷ്യ. കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് മേഖലയിലെ രണ്ട് വിമത പ്രദേശങ്ങളുടെ സ്വാതന്ത്യ്രപ്രഖ്യാപനം നടത്തിയാണ് റഷ്യയുടെ പ്രകോപനം. റഷ്യയുടെ അധിനിവേശം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് ഇതോടെ വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഡോൺബാസ് മേഖലയിലെ സ്വയം പ്രഖ്യാപിത പീപ്പിൾ റിപ്പബ്ളിക്കുകളായ ഡൊണെട്‌സ്ക്, ലൂഹാൻസ്‌ക് പ്രവിശ്യകൾ ഇനിമുതൽ സ്വതന്ത്ര രാജ്യമായിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിക്കുകയായിരുന്നു. 2014 മുതൽ യുക്രെയിൻ സേനയ്ക്കെതിരെ പോരാടുന്ന റഷ്യൻ പിന്തുണയുള്ള വിമത പ്രദേശങ്ങളാണിവ. യുക്രെയിനിലെ ക്രെംലിനിലെ വിമത നേതാക്കളുമായി പുടിൻ ഇന്ന് സൗഹൃദ ഉടമ്പടികളിൽ ഒപ്പുവച്ചു. യുക്രെയിൻ വിമതരെ സ്വതന്ത്രരായി പ്രഖ്യാപിക്കുന്നതിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ഇവയെല്ലാം കാറ്റിൽപ്പറത്തിയാണ് റഷ്യയുടെ പുതിയ നീക്കം. ഇതിന് പിന്നാലെ അധിനിവേശം ചെറുക്കുന്നതിനായി ശ്രമങ്ങൾ നടത്തിയിരുന്ന അമേരിക്ക ഡൊണെട്‌സ്ക്, ലൂഹാൻസ്‌ക് മേഖലയിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ നാളെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനും അമേരിക്ക ഒരുങ്ങുകയാണ്.

റഷ്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ യുക്രെയിനിന്റെ അഭ്യർത്ഥന പ്രകാരം യു എൻ സുരക്ഷാ സമിതി ഇന്ന് അടിയന്തിര യോഗം ചേരും. യോഗത്തിൽ അമേരിക്ക, അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ, മെക്സിക്കോ എന്നിവർ പങ്കെടുക്കും. എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചയിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂവെന്നും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യോഗത്തിൽ ഇന്ത്യ അറിയിച്ചിരുന്നു.