
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവന സഭയിലുന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വനിതയായതിനാൽ അപമാനം സഹിച്ചാണ് താൻ കേരളാ പൊലീസിൽ ജോലി ചെയ്തിരുന്നത് എന്നാണ് ശ്രീലേഖ പറഞ്ഞിരുന്നത്. എന്നാൽ ശ്രീലേഖ അതൃപ്തി തന്നെ അറിയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്. അവർ അപമാനം സഹിച്ചുവെന്നാണ് പറയുന്നത് എന്നാൽ ഏത് കാലത്താണ് ഇത് സംഭവിച്ചതെന്നത് അവ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ത് സംഭവിച്ചു എന്നത് ശ്രീലേഖ തന്നെ പറയണമെന്നും തിരുവഞ്ചൂരിന് മറുപടിയായി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞ കാര്യങ്ങളാണ് തിരുവഞ്ചൂർ സഭയിൽ ഉന്നയിച്ചത്.
'തിരുവഞ്ചൂർ ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്നപ്പോഴും ശ്രീലേഖ പൊലീസിലുണ്ടായിരുന്നു. ഏത് ഘട്ടത്തിലാണ് ദുരനുഭവം ഉണ്ടായത് എന്നത് അവർ വെളിപ്പെടുത്തിയിട്ടില്ല. ഒരു തരത്തിലുള്ള അതൃപ്തിയും അവർ എന്നോട് പറഞ്ഞിരുന്നില്ല. സ്വാഭാവികമായി ഏതൊരു പൊലീസ് ഉദ്യോഗസ്ഥരെയും പോലെ അവരുടെ ആഗ്രഹങ്ങൾ പറഞ്ഞിട്ടുണ്ട്. അല്ലാതെ സർക്കാരിന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള തെറ്റ് സംഭവിച്ചതായി അവർ പരാമർശിച്ചിട്ടില്ല. എന്താണ് കാര്യമെന്ന് ശ്രീലേഖ വ്യക്തമാക്കിയാൽ മാത്രമേ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ സാധിക്കുകയുള്ളു.' - മുഖ്യമന്ത്രി പറഞ്ഞു.